ഇംഫാൽ: സമാധാനശ്രമങ്ങൾക്ക് തിരിച്ചടിയായി മണിപ്പുരിൽ വീണ്ടും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച രാവിലെ രണ്ട് ഗോത്രവിഭാഗങ്ങൾ തമ്മിലുണ്ടായ രണ്ട് വ്യത്യസ്ത വെടിവെപ്പുകളിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു.
തങ്ഖുലിലെ മുള്ളം ഗ്രാമത്തിൽ പുലർച്ചെ 5.30ഓടെയാണ് സംഘർഷം ആരംഭിച്ചത്. ഇവിടെ വീടുകൾക്ക് തീയിടുകയും നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തു. സംഭവത്തെ കുക്കി സംഘടന ശക്തമായി അപലപിച്ച്, അക്രമികൾക്കെതിരെ കേസെടുക്കണമെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.
മറ്റൊരു സംഭവത്തിൽ ഉഖ്രുൽ ജില്ലയിലെ സിനകൈതെ ഗ്രാമത്തിലാണ് വെടിവെപ്പ് നടന്നത്. കാംജോങ് സ്വദേശിയായ 29 വയസ്സുകാരൻ ജമാങ്ങ് ആണ് വെടിയേറ്റ് മരിച്ചത്. ആക്രമികൾ പതിയിരുന്ന് നടത്തിയ ആക്രമണമാണിതെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞയാഴ്ച ഉഖ്രൂളിൽ സായുധസംഘം നടത്തിയ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. ഈ മാസം ആദ്യം ബിഷ്ണുപുരിൽ വീടിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ രണ്ട് കുട്ടികളും മരിച്ചിരുന്നു. ഇതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധങ്ങളാണ് ഉയർന്നത്.
മുഖ്യമന്ത്രി വൈ. ഖേംചന്ദ് സമാധാനത്തിന് ആഹ്വാനം നൽകിയിരുന്നെങ്കിലും തുടർച്ചയായ അക്രമങ്ങൾ സർക്കാരിന് വലിയ വെല്ലുവിളിയായി തുടരുന്നു.




