ചെന്നൈ: പിഎം ശ്രീക്ക് വഴങ്ങാന്‍ കേരളം തയാറെടുക്കുമ്പോള്‍, ദേശീയ വിദ്യാഭ്യാസ നയം (NEP) അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് തമിഴ്‌നാട . ഇതേ തുടര്‍ന്ന് സ്വന്തം നയം രൂപീകരിച്ചു കേന്ദ്രത്തിനെതിരെ പോരാട്ടം ശക്തമാക്കിയിരിക്കുകയാണ്.
എന്‍ഇപിയുടെ പ്രധാന നിബന്ധനകളെ ശക്തമായി എതിര്‍ത്ത തമിഴ്‌നാട്, സുപ്രീംകോടതിയെ സമീപിച്ചാണു കേന്ദ്ര ഫണ്ട് നേടിയെടുത്തത്. അപ്പോഴും, എന്‍ഇപിയില്‍ ഒപ്പിടാത്തതിനാല്‍ സംസ്ഥാനത്തിനു ലഭിക്കേണ്ട 4,000 കോടി രൂപ കേന്ദ്രം തടഞ്ഞുവയ്ക്കുകയും വിദ്യാഭ്യാസ അവകാശ നിയമം (RTE) നടപ്പിലാക്കുന്നതിന് 450 കോടി രൂപ മാത്രം അനുവദിക്കുകയുമാണു ചെയ്തത്.
അധ്യാപകരുടെ ശമ്പളം, വിദ്യാര്‍ഥികളുടെ വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍, അടിസ്ഥാന വികസനം എന്നിവയ്ക്കായി സ്വന്തം പണമാണു നിലവില്‍ തമിഴ്‌നാട് ചെലവഴിക്കുന്നത്. ഇതിനിടെ, സംസ്ഥാനത്തെത്തിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, സമഗ്ര ശിക്ഷാ പദ്ധതിക്കു കീഴില്‍ കുടിശിക ഫണ്ട് നല്‍കണമെങ്കില്‍ സംസ്ഥാനം എന്‍ഇപി പൂര്‍ണമായും അംഗീകരിക്കണമെന്ന നിലപാടെടുത്തെങ്കിലും സര്‍ക്കാര്‍ കുലുങ്ങിയില്ല.
ലോക്‌സഭയില്‍ ഇതിന്റെ പേരില്‍ ഡിഎംകെ എംപിമാരും കേന്ദ്രമന്ത്രിയും തമ്മില്‍ പലവട്ടം കൊമ്പു കോര്‍ത്തു. പിന്നാലെ, ഡല്‍ഹി ഹൈക്കോടതി റിട്ട.ജസ്റ്റിസ് ഡി. മുരുകേശന്റെ നേതൃത്വത്തിലുള്ള സമിതിയെ വിദ്യാഭ്യാസ നയം തയാറാക്കാന്‍ സംസ്ഥാനം നിയോഗിച്ചു.
ഓഗസ്റ്റില്‍ സമിതി പുറത്തിറക്കിയ റിപ്പോര്‍ട്ട് നിലവിലുള്ള ദ്വിഭാഷാ സമ്പ്രദായത്തെ പിന്തുണയ്ക്കുന്നതാണ്. തമിഴും ഇംഗ്ലിഷും നിര്‍ബന്ധിത വിഷയങ്ങളാണ്. പ്ലസ് വണ്‍ പൊതുപരീക്ഷ ഒഴിവാക്കി. 8ാം ക്ലാസ് വരെ ആരെയും തോല്‍പിക്കില്ല. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം 11,12 ക്ലാസ് മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ്.
9-ാം ക്ലാസ് മുതല്‍ കരിയര്‍ ഗൈഡന്‍സോടെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് നയം ഊന്നല്‍ നല്‍കുന്നു. എഐ, ഡേറ്റ സയന്‍സ്, റോബട്ടിക്‌സ് തുടങ്ങിയ വിഷയങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നു. തമിഴ്നാടിന്റെ തനതു സാംസ്‌കാരിക, സാമൂഹിക സാഹചര്യവുമായി ഒത്തുപോകുന്ന നയം പ്രാദേശിക പൈതൃകം, സാമൂഹിക നീതി എന്നിവയ്ക്കും ഊന്നല്‍ നല്‍കുന്നു.










