തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട മന്ത്രിസഭാ ഉപസമിതിയുടെ അവസാന യോഗം ഇന്ന് നടക്കും. വൈകുന്നേരം തിരുവനന്തപുരത്താണ് യോഗം. മന്ത്രിമാർ വിവിധ ജില്ലകളിലായതിനാൽ യോഗം ഓൺലൈനായി ചേരും.
പദ്ധതിയുടെ നിലവിലെ പുരോഗതി യോഗത്തിൽ വിലയിരുത്തും. ഉപസമിതി തയ്യാറാക്കുന്ന റിപ്പോർട്ടിന്റെ കരട് രൂപവും ചർച്ച ചെയ്യും. സ്കൂളുകൾ തിരഞ്ഞെടുക്കൽ, സിലബസ് ഉൾപ്പെടെയുള്ള പ്രധാന വിഷയങ്ങളും പരിഗണിക്കും. കേന്ദ്രസർക്കാരുമായി ഇനി എങ്ങനെ ആശയവിനിമയം നടത്തണമെന്ന കാര്യത്തിലും തീരുമാനമുണ്ടാകുമെന്നാണ് വിവരം. ഇതിന് മുമ്പ് രണ്ടുതവണ ഉപസമിതി യോഗം ചേർന്നിരുന്നു.
വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീനാണ് ഉപസമിതിയുടെ അധ്യക്ഷൻ. പി.സി. വിഷ്ണുനാഥ്, എം. ലിജു, റോജി എം. ജോൺ എന്നിവരാണ് മറ്റ് അംഗങ്ങൾ. ഉപസമിതിയുടെ റിപ്പോർട്ട് ഉടൻ സർക്കാരിന് സമർപ്പിക്കും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട തുടർനടപടികൾ തീരുമാനിക്കുക.
യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നേരത്തെ പറഞ്ഞത്, കേന്ദ്രസർക്കാരുമായി ചില വിഷയങ്ങളിൽ സംസ്ഥാനത്തിന് അഭിപ്രായവ്യത്യാസമുണ്ടെന്നും, അതിൽ പിഎം ശ്രീ പദ്ധതിയും ഉൾപ്പെടുന്നുവെന്നുമാണ്. അതിനാൽ ഉപസമിതി റിപ്പോർട്ട് ലഭിച്ച ശേഷമേ അന്തിമ തീരുമാനം എടുക്കൂ എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പ്രതിപക്ഷത്തിരിക്കുമ്പോൾ പിഎം ശ്രീ പദ്ധതിയെ എതിർത്തിരുന്ന യുഡിഎഫ്, ഇപ്പോൾ പദ്ധതി മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. എൽഡിഎഫ് സർക്കാർ ഇതിനകം കരാറിൽ ഒപ്പുവെച്ചതിനാൽ അതിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്നും, സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്രസർക്കാർ ഫണ്ട് ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അടൂർ പ്രകാശ് പറഞ്ഞു.




