കണ്ണൂർ: പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് എംഡിഎംഎയുമായി യുവാവിനെ പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. എട്ടിക്കുളം രാമന്തളി സ്വദേശി നഫീസ മൻസിലിൽ മുഹമ്മദ് തസ്ലീം എൻ.പി. (26) ആണ് പിടിയിലായത്.
പയ്യന്നൂർ റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിന് സമീപമുള്ള റോഡരികിൽ സംശയാസ്പദമായ സാഹചര്യത്തിൽ നിന്നിരുന്ന യുവാവിനെ പോലീസ് തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ ഇയാളുടെ പാന്റിന്റെ പോക്കറ്റിൽ സിപ്പ് ലോക്ക് കവറിൽ സൂക്ഷിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തി.
ഇതിനൊപ്പം 2510 രൂപ, ഒരു ഐഫോൺ, ആധാർ കാർഡ്, എടിഎം കാർഡ് എന്നിവയും പോലീസ് പിടിച്ചെടുത്തു. ഗോവയിൽ നിന്ന് ട്രെയിൻ മാർഗം മയക്കുമരുന്ന് പയ്യന്നൂരിൽ എത്തിച്ച് വിൽപ്പന നടത്തുകയായിരുന്നു യുവാവെന്ന് പോലീസ് അറിയിച്ചു.






