മലപ്പുറം: കരിപ്പൂർ സ്വർണവേട്ടയിൽ പൊലീസിനെതിരെ കസ്റ്റംസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. കസ്റ്റംസ് ഏരിയയിൽ സ്വർണം പിടിക്കാൻ പൊലീസിന് അധികാരമില്ല. സ്വർണ്ണക്കടത്ത് വിവരം ലഭിച്ചാൽ പൊലീസ് കസ്റ്റംസിനെ അറിയിക്കണമെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞു.
എയർപോർട്ടിലോ പരിസരത്തോ സ്വർണം പിടിക്കാൻ പോലീസിന് അധികാരമില്ല. വിമാനത്താവളത്തിൽ സ്വർണം പിടിക്കാൻ നിയമപരമായ അധികാരം കസ്റ്റംസിന് മാത്രമാണ്. കോഴിക്കോട് കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണറാണ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്.
പിടിച്ചെടുത്ത സ്വർണം പൊലീസ് നിയമവിരുദ്ധമായി ഉരുക്കുന്നതും, മജിസ്ട്രേറ്റിന്റെ അനുമതി വാങ്ങാതെ പൊലീസ് വ്യക്തികളുടെ എക്സറേ എടുക്കുന്നുതും നിയമവിരുദ്ധമാണ്. പൊലീസ് പിടിച്ച സ്വർണക്കടത്ത് കേസുകൾ കസ്റ്റംസിന് കൈമാറുന്നില്ല എന്നും, കരിപ്പൂർ സ്റ്റേഷനിൽ മാത്രം 170 സ്വർണ്ണക്കടത്ത് കേസുകളുണ്ട്.
കസ്റ്റംസിന് കൈമാറിയത് കേവലം 6 എണ്ണം മാത്രമാണെന്നും കസ്റ്റംസ് സത്യവാങ്മൂലത്തിൽ പറയുന്നു. 134 കേസുകളുടെ വിവരം കസ്റ്റംസ് ശേഖരിച്ചത് മഞ്ചേരി കോടതിയിൽ നിന്നാണ്. പൊലീസ് നടപടി കസ്റ്റംസ് അന്വേഷണത്തെ ദുർബലപ്പെടുത്തുന്നതെന്നും സത്യവാങ്മൂലത്തിലുണ്ട്.




