തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പൊലീസ് സേനയിൽ വ്യാപക അഴിച്ചുപണി. നഗരത്തിലെ പ്രധാന തസ്തികകളിൽ ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചതോടെ സംഘടനാ തലത്തിലുള്ള തർക്കങ്ങളും ഉയർന്നു. തിരുവനന്തപുരം നഗരത്തിലെ റൈറ്റർ, അസിസ്റ്റന്റ് റൈറ്റർ തസ്തികകളിലുള്ള ഉദ്യോഗസ്ഥരെയാണ് പ്രധാനമായും മാറ്റിയത്. എ.ആർ. ക്യാമ്പ്, കൺട്രോൾ റൂം, ട്രാഫിക് വിഭാഗം, കമ്മീഷണർ ഓഫീസ് എന്നിവിടങ്ങളിലെ ജീവനക്കാരെയും മാറ്റി നിയമിച്ചു.
ഇതിൽ ഇടതുപക്ഷ അനുകൂല സംഘടനയിലെ ഉദ്യോഗസ്ഥരെ മാറ്റിയതായി ആരോപണമുണ്ട്. പകരം വലതുപക്ഷ അനുകൂല ഉദ്യോഗസ്ഥരെ നിയമിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. മുൻപ് ഇടതു സർക്കാർ വന്നപ്പോൾ സമാന രീതിയിൽ മാറ്റങ്ങൾ നടന്നിരുന്നു. അതിന് മറുപടിയായാണ് ഇപ്പോഴത്തെ നീക്കമെന്നാണ് വിലയിരുത്തൽ.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കാതെ പ്രത്യേക ക്രമീകരണത്തിന്റെ ഭാഗമായാണ് മാറ്റമെന്ന് ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടുണ്ട്. ട്രാഫിക് വിഭാഗത്തിൽ ഓഫിസ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നിരവധി പേരെ ഫീൽഡ് ഡ്യൂട്ടിയിലേക്ക് മാറ്റിയതായും പറയുന്നു. പൊലീസ് സംഘടനയിലെ വലതുപക്ഷ അനുകൂല യൂണിയനുകൾ, സി.ഐ. റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ മ്യൂസിയം പൊലീസ് സ്റ്റേഷൻൽ നിയമിക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ വസതിയും മന്ത്രിമാരുടെയും ഗവർണറുടെയും വസതികളും ഉൾപ്പെടുന്ന അതീവ സുരക്ഷാ മേഖലയായതിനാൽ ഇവിടെ പരിചയസമ്പന്നനായ ഉദ്യോഗസ്ഥനെ നിയമിക്കണമെന്നാണ് ആവശ്യം. മുൻ ഭരണകാലത്ത് മറ്റ് ജില്ലകളിലേക്ക് മാറ്റിയ ഉദ്യോഗസ്ഥരെ തിരികെ കൊണ്ടുവരണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പുതിയ സ്ഥലംമാറ്റ ഉത്തരവുകൾ ഉടൻ പുറത്തിറങ്ങുമെന്ന സൂചനയും ലഭിച്ചിട്ടുണ്ട്.




