കോഴിക്കോട്: മേപ്പയ്യൂർ മഞ്ഞക്കുളത്ത് വിവാഹസംഘത്തിന്റെ പേരിൽ അപകടകരമായ ‘റോഡ് ഷോ’ സംഘടിപ്പിച്ചതായി പരാതി. ആഡംബര വാഹനങ്ങളിൽ നിരയായി സഞ്ചരിച്ച സംഘത്തിലെ യുവാക്കൾ വാഹനങ്ങളുടെ വിൻഡോകൾ തുറന്ന് ശരീരത്തിന്റെ പകുതിയോളം പുറത്തിട്ട് യാത്ര ചെയ്ത് പൊതുനിരത്തിൽ ആഘോഷം നടത്തി.
വാഹനങ്ങളുടെ നമ്പർ ഉൾപ്പെടുത്തി നാട്ടുകാർ നൽകിയ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗതാഗത തടസം സൃഷ്ടിച്ചും പൊതുസുരക്ഷയെ അവഗണിച്ചും നടത്തിയ ഈ അതിരുകടന്ന ആഘോഷമാണ് അന്വേഷണവിധേയമാകുന്നത്.
അഞ്ചോളം ആഡംബര വാഹനങ്ങളിലായിരുന്നു അപകടകരമായ യാത്ര. ഇതിന് പിന്നാലെ മറ്റൊരു കാറിൽ വരനും സംഘവും സഞ്ചരിച്ചതായും റിപ്പോർട്ടുണ്ട്. നരക്കോട് സ്വദേശിയുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് ഈ ഘോഷയാത്ര നടത്തിയതെന്നാണ് വിവരം.
സാമൂഹിക മാധ്യമങ്ങളിലേക്കുള്ള ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനായാണ് ഇത്തരത്തിലുള്ള അപകടകരമായ പ്രകടനം നടത്തിയതെന്നാണ് സൂചന. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






