കാസര്‍കോട്: നിയന്ത്രണം വിട്ട കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ കാല്‍ മുറിച്ചു മാറ്റി. പിലിക്കോട് സ്വദേശി കെ.എം. സൂരജിന്റെ (36) ഇടതുകാലും, ചിറ്റാരിക്കാല്‍ കുന്നുംകൈ സ്വദേശി അലോഷ്യസ് മാത്യു (37)വിന്റെ വലതുകാലുമാണ് മുറിച്ചുമാറ്റിയത്.
കഴിഞ്ഞ വ്യാഴാഴ്ച പടന്നക്കാട്ട് ദേശീയപാതയില്‍ ഹൈവേ പട്രോളിങ്ങിന്റെ ഭാഗമായി നിര്‍ത്തിയിട്ടിരുന്ന പൊലീസ് ജീപ്പിന് സമീപത്താണ് അപകടം നടന്നത്. ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഇരുവരും ജീപ്പിന് പിന്നില്‍ നില്‍ക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് വന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഇരുവരെയും ഇടിച്ചുതെറിപ്പിച്ചതിന് ശേഷം പൊലീസ് ജീപ്പിലിടിച്ചാണ് നിന്നത്. സംഭവത്തില്‍ ഇരുവരും ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ജില്ലാ പൊലീസ് ടീമിലെ ഫുട്‌ബോള്‍ കളിക്കാരനായിരുന്ന സൂരജിന്റെ ജീവിതത്തെയും സംഭവം വലിയ രീതിയില്‍ ബാധിച്ചു.
ഇരുവര്‍ക്കും ഇനി പൊലീസില്‍ തുടരാന്‍ ആവശ്യമായ ശാരീരിക ക്ഷമതാ സാക്ഷ്യപത്രം ലഭിക്കില്ലെന്നതിനാല്‍, മറ്റൊരു വകുപ്പിലേക്ക് ജോലി മാറ്റം അനുവദിക്കണമെന്ന ആവശ്യവും പൊലീസ് അസോസിയേഷന്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.






