കോഴിക്കോട്: തീവണ്ടി യാത്രക്കാർ നേരിടുന്ന സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി റെയിൽവേ കമ്മിറ്റി റെയിൽവേ ഡിവിഷണൽ മാനേജർക്കും ജനറൽ മാനേജർക്കും നിവേദനം നൽകി. സുരക്ഷാ നടപടികൾ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഒരു റെയിൽവേ പോലീസ് ഓഫീസറെ ഓരോ ട്രെയിനിലും ഡ്യൂട്ടിക്ക് നിയോഗിക്കണം എന്ന പ്രധാന ആവശ്യമാണ് ചേംബർ ഉന്നയിച്ചത്. കൂടാതെ, ഈ പോലീസ് ഓഫീസറുടെ ഫോൺ നമ്പർ വിവരങ്ങൾ സ്റ്റേഷനുകളിൽ കൃത്യമായി അനൗൺസ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.
വെസ്റ്റ്ഹിൽ സ്റ്റേഷനെ ‘കോഴിക്കോട് നോർത്ത് സോൺ’ ആയും കല്ലായി സ്റ്റേഷനെ ‘കോഴിക്കോട് സൗത്ത് സോൺ’ ആയും ഉയർത്തണമെന്ന ആവശ്യവും നിവേദനത്തിൽ ഉൾപ്പെടുന്നു.ചേംബർ പ്രസിഡന്റ് അബ്ദുള്ളക്കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, റെയിൽവേ കമ്മിറ്റി ചെയർമാൻ ഐപ്പ് തോമസ് വിഷയം അവതരിപ്പിച്ചു. ബോബിഷ് കുന്നത്ത്, അർഷാദ് ആദിരാജ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. വൈസ് ചെയർമാൻ എം പി ഇമ്പിച്ചഹമ്മദ് സ്വാഗതവും കൺവീനർ കോയട്ടി മാളിയേക്കൽ നന്ദിയും രേഖപ്പെടുത്തി.




