തിരുവനന്തപുരം : കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള എഡിജിപി ദിനേന്ദ്ര കശ്യപ് തിരിച്ചെത്തുകയും 4 ഡിഐജിമാർക്ക് ഐജിമാരായി സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്യുന്നതോടെ, പൊലീസ് തലപ്പത്ത് ഈ മാസം അഴിച്ചുപണിക്കു കളമൊരുങ്ങി. രാജ്യത്തെ ഏറ്റവും പ്രധാന ടെക്നിക്കൽ ഇന്റലിജൻസ് ഏജൻസിയായ നാഷനൽ ടെക്നിക്കൽ റിസർച് ഓർഗനൈസേഷനിൽ എൻടിആർഒ) ജോയിന്റ് ഡയറക്ടറായി 5 വർഷത്തെ സേവനകാലാവധി കഴിഞ്ഞാണു ദിനേന്ദ്ര കശ്യപ് തിരിച്ചെത്തുന്നത്. നിലവിൽ എഡിജിപിമാരുടെ 3 തസ്തികകൾ ഒഴിവുണ്ട്.
ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച്.വെങ്കിടേഷിനാണു ക്രൈംബ്രാഞ്ചിന്റെ അധികച്ചുമതല. പൊലീസ് ആസ്ഥാനത്തിന്റെ ചുമതലയുള്ള എഡിജിപി എസ്.ശ്രീജിത്തിനു സൈബർ ഓപ്പറേഷൻസിന്റെയും പൊലീസ് ബറ്റാലിയന്റെയും ചുമതലയുണ്ട്. ക്രൈംബ്രാഞ്ച്, സൈബർ ഓപ്പറേഷൻസ് എന്നിവയ്ക്കു പ്രത്യേകം എഡിജിപി വന്നേക്കും. ഈ മാസം എഡിജിപിയായി പ്രമോഷൻ ലഭിക്കുന്ന സന്തോഷ് വർമ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിലായതിനാൽ (ഐബി) കേരളത്തിലേക്കില്ല.
ഡിജിപി തസ്തികയിലേക്ക് 2026ൽ വരുന്ന ഒഴിവിലേക്കുള്ള സ്ക്രീനിങ്ങും സംസ്ഥാന തലത്തിൽ ഉടനെ പൂർത്തിയാക്കും. എസ്.ശ്രീജിത്ത്, വിജയ് സാഖറെ എന്നിവരാണ് ഡിജിപി തസ്തികയിലേക്കു വരേണ്ട സീനിയോറിറ്റി പൂർത്തിയാകുന്ന എഡിജിപിമാർ. 2026ൽ ഫയർഫോഴ്സ് ഡിജിപിയായ നിധിൻ അഗർവാൾ വിരമിക്കുമ്പോൾ മാത്രമേ ഡിജിപി തസ്തികയിലേക്ക് ഒരാളെ പരിഗണിക്കാനാകൂ. റോഡ് സുരക്ഷാ കമ്മിഷണർ യോഗേഷ് ഗുപ്തയ്ക്കു കേന്ദ്ര ഡപ്യൂട്ടേഷൻ ലഭിച്ചാലും എഡിജിപിക്ക് ഡിജിപി തസ്തിക ലഭിക്കും. യോഗേഷ് ഗുപ്തയുടെ കാര്യത്തിൽ കേന്ദ്ര വിജിലൻസ് കമ്മിഷന്റെ തീരുമാനം വരാനുണ്ട്.
സർവീസിൽ 18 വർഷം പൂർത്തിയാക്കിയ സീനിയർ ഡിഐജിമാരായ എസ്.അജീത ബീഗം, ആർ.നിശാന്തിനി, സതീഷ് ബിനോ, പുട്ട വിമലാദിത്യ എന്നിവർക്ക് ഈ മാസം ഐജിമാരായി സ്ഥാനക്കയറ്റം ലഭിക്കും. സ്ഥാനക്കയറ്റത്തിനുള്ള സ്ക്രീനിങ് യോഗം 4നു ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേരും. ആഭ്യന്തര സെക്രട്ടറിയും ഡിജിപിയുമാണു മറ്റ് അംഗങ്ങൾ. ഇവർക്കു പ്രമോഷൻ നൽകുന്നതോടെ ഐജി തലത്തിൽ പുനഃക്രമീകരണം നടക്കും.
എസ്പിമാരായ ശിവവിക്രം, ഹിമേന്ദ്രനാഥ്, അരുൾ ബി.കൃഷ്ണ എന്നിവർക്കു ഡിസംബറിൽ ഡിഐജിമാരായി പ്രമോഷൻ ലഭിക്കും.പൊലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ ഐപിഎസ് ബാച്ചിലെ കേരള കേഡറിലെ 6 പേർ കേരളത്തിലെത്തി. ഇതിൽ 4 വനിതകളാണ്.
10 എസ്പിമാർക്ക് കൂടി ഐപിഎസ് 2023– 24ലെ ഐപിഎസ് ഒഴിവുകളിലേക്കു സംസ്ഥാന പൊലീസിൽനിന്നു സീനിയറായ 10 എസ്പിമാർക്ക് ഐപിഎസ് ലഭിക്കും. കൺഫേഡ് ഐപിഎസ് തസ്തികയിലേക്കുള്ള സ്ക്രീനിങ് കമ്മിറ്റി 9നു ഡൽഹിയിൽ ചേരുമെന്നാണു യുപിഎസ്‌സി അറിയിച്ചിട്ടുള്ളത്. 20 പേരുടെ പട്ടികയാണു കേരളത്തിൽ നിന്ന് നൽകിയിട്ടുള്ളത്.




