ഇംഫാൽ: മണിപ്പുരിൽ വംശീയ സംഘർഷം വീണ്ടും രൂക്ഷമാകുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഒരു മാസത്തിലേറെയായി കാണാതായിരുന്ന ആറു നാഗാ വംശജരുടെ മൃതദേഹാവശിഷ്ടങ്ങൾ കുക്കി ഭൂരിപക്ഷ പ്രദേശങ്ങളിൽ നിന്ന് കണ്ടെത്തിയതോടെ പ്രതിഷേധം ശക്തമായി. സംഭവത്തിൽ ഉപമുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നാഗാ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായി നാഗാ ഭൂരിപക്ഷ മേഖലകളിൽ 24 മണിക്കൂർ ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
മെയ് 9-ന് മൂന്ന് കുക്കി വൈദികർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് നിലവിലെ സംഘർഷങ്ങൾ കൂടുതൽ ശക്തമായത്. തുടർന്ന് ഇരുവിഭാഗങ്ങളും പരസ്പരം എതിർവിഭാഗത്തിൽപ്പെട്ടവരെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. മെയ് 15-ന് നടന്ന ധാരണയുടെ അടിസ്ഥാനത്തിൽ ഇരുവിഭാഗവും 14 പേരെ വീതം മോചിപ്പിച്ചെങ്കിലും, നാഗാ വിഭാഗത്തിൽപ്പെട്ട ആറുപേരെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.
കാണാതായവരെ കണ്ടെത്തുന്നതിനായി കുക്കി ഭൂരിപക്ഷ മേഖലയായ കാംപോക്പി ജില്ലയിൽ നടത്തിയ വ്യാപകമായ തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഫോറൻസിക് പരിശോധനകൾക്ക് ശേഷം അവ കാണാതായ ആറുപേരുടേതാണെന്ന് സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു.
സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ നാഗാ സംഘടനകൾ, ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ചില കുക്കി സംഘടനകളെ നിരോധിച്ച് ഭീകരസംഘടനകളായി പ്രഖ്യാപിക്കണമെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. മൃതദേഹങ്ങൾ കണ്ടെത്തിയതോടെ സംസ്ഥാനത്ത് വീണ്ടും സംഘർഷഭീതിയും സുരക്ഷാ ആശങ്കകളും ഉയർന്നിരിക്കുകയാണ്.






