അബുദാബി: അഞ്ച് രാജ്യങ്ങളിലേക്കുള്ള വിദേശ പര്യടനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎഇയിലെത്തും. രാവിലെ ഇന്ത്യയിൽ നിന്ന് പുറപ്പെട്ട പ്രധാനമന്ത്രി, സന്ദർശനത്തിനിടെ യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും. ആഗോളതലത്തിൽ നിർണായകമായ ഊർജ സുരക്ഷാ വിഷയങ്ങളാകും ചർച്ചകളിലെ പ്രധാന അജണ്ടയെന്ന് യുഎഇ രാജ്യാന്തര സഹകരണ സഹമന്ത്രി റീം അൽ ഹാഷിമി വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ ആഗോള ഊർജ വിതരണ ശൃംഖലയെ ബാധിക്കുന്ന സാഹചര്യത്തിൽ, ഇന്ത്യ-യുഎഇ ചർച്ചകളിൽ ഈ വിഷയം പ്രധാനമായി പരിഗണിക്കും. ഇന്ധന വിതരണ രംഗത്തെ വെല്ലുവിളികളും അതിന്റെ പശ്ചാത്തലത്തിൽ ഉയരുന്ന വിലക്കയറ്റവും ചർച്ചയാകുമെന്ന് മന്ത്രി അറിയിച്ചു.
പ്രതിരോധ-സുരക്ഷാ സഹകരണം ശക്തമാക്കും
പ്രതിരോധ മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ വിപുലീകരിക്കുന്നതിനെക്കുറിച്ചും കൂടിക്കാഴ്ചയിൽ തീരുമാനമുണ്ടാകും. പ്രതിരോധ വ്യവസായം, സൈബർ സുരക്ഷ, ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ നേരത്തെ ഒപ്പുവച്ച ധാരണാപത്രങ്ങളുടെ തുടർനടപടികൾ ചർച്ച ചെയ്യും. സമുദ്രസുരക്ഷ ഉറപ്പാക്കുന്നതിനും വ്യാപാര ഗതാഗതം തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്നതിനുമായി സംയുക്ത നീക്കങ്ങൾക്കും സാധ്യതയുണ്ട്.
ഇന്ത്യയും യുഎഇയും തമ്മിലുള്ള തന്ത്രപ്രധാന ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്ന സന്ദർശനമായിരിക്കും ഇതെന്നാണ് വിലയിരുത്തൽ.
അതേസമയം, പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിൽ നിന്ന് യുഎഇ പിന്മാറിയതിന്റെ കാരണവും മന്ത്രി വിശദീകരിച്ചു. രാജ്യത്തിന്റെ പൂർണ ഉൽപാദന ശേഷി പ്രയോജനപ്പെടുത്താൻ കഴിയാത്തതായിരുന്നു പിന്മാറ്റത്തിന് പ്രധാന കാരണമെന്ന് അവർ പറഞ്ഞു. ആഗോള ഇന്ധന ക്ഷാമ സാഹചര്യത്തിൽ ഉത്തരവാദിത്തമുള്ള ഊർജ രാഷ്ട്രമെന്ന നിലയിൽ ഉൽപാദനം വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു.




