തിരുവനന്തപുരം: ഇന്ന് സ്വകാര്യ ബസ് സമരവും, നാളെ അഖിലേന്ത്യാ പണിമുടക്കും നടക്കുന്നതോടെ സംസ്ഥാനത്ത് രണ്ട് ദിവസം ജനജീവിതം സ്തംഭിക്കും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സമിതി ഇന്ന് പണിമുടക്കിന് ആഹ്വാനം ചെയ്തത്. കേന്ദ്രസര്‍ക്കാര്‍ തൊഴിലാളി വിരുദ്ധ സമീപനങ്ങള്‍ സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് വിവിധ ട്രേഡ് യൂണിയനുകള്‍ നാളെ പണിമുടക്കും. വിവിധ ആവശ്യങ്ങളില്‍ പരിഹാരമുണ്ടാകാത്തതിനാല്‍ സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സമിതി ഇന്ന് സൂചനാ പണിമുടക്കാണ് നടത്തുന്നത്. ആവശ്യങ്ങളില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ 22-ാം തീയതി മുതല്‍ അനിശ്ചിതകാല സമരം നടത്താനാണ് തീരുമാനം. വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് അഞ്ച് രൂപയാക്കണം തുടങ്ങി വിവിധ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്. പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസി അധിക സര്‍വീസ് നടത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്.
ഇന്ന് സ്വകാര്യ ബസ് മാത്രമാണ് ഓടാതിരിക്കുന്നതെങ്കില്‍ നാളെ അതാകില്ല സ്ഥിതി. അഖിലേന്ത്യാ പണിമുടക്ക് സ്വകാര്യ, കെഎസ്ആര്‍ടിസി ബസ് സര്‍വീസുകളെ ബാധിക്കുമെന്നതിനാല്‍ നാളെ പൊതുഗതാഗതം പ്രതിസന്ധിയിലാകും. ടാക്‌സി സര്‍വീസുകളെയും പണിമുടക്ക് ബാധിക്കും. ബാങ്കിങ്, ഇന്‍ഷുറന്‍സ് അടക്കമുള്ള സ്ഥാപനങ്ങളെയും പണിമുടക്ക് സാരമായി ബാധിക്കും. ഇന്ന് അര്‍ധരാത്രി മുതല്‍ നാളെ അര്‍ധരാത്രി വരെ 24 മണിക്കൂറാണ് പണിമുടക്ക് നടത്തുന്നത്. എഐടിയുസി, സിഐടിയു, ഐഎന്‍ടിയുസി തുടങ്ങി വിവിധ പ്രതിപക്ഷ ട്രേഡ് യൂണിയന്‍ സംഘടനകളാണ് പണിമുടക്കില്‍ ഭാഗമാകുന്നത്. സംസ്ഥാനത്തെ പ്രമുഖ ട്രേഡ് യൂണിയനുകള്‍ പണിമുടക്കുന്നതിനാല്‍ ഇത് മിക്ക പൊതുമേഖലാ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനത്തെ ബാധിക്കും.




