ന്യൂഡൽഹി: ഇന്ത്യൻ ഹോക്കി ടീമിന്റെ പരമ്പരാഗത നീല ജേഴ്‌സിക്ക് പകരം കാവി നിറത്തിലുള്ള ജേഴ്‌സി അവതരിപ്പിച്ച ഹോക്കി ഇന്ത്യയുടെ തീരുമാനത്തിനെതിരെ കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധി.
രാജ്യത്തിന്റെ തനിമയും സ്വത്വവും മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കമെന്ന് പ്രിയങ്ക ആരോപിച്ചു. യൂണിഫോം മാറ്റുന്നതും വിദ്യാഭ്യാസ നയങ്ങളിലൂടെ ചരിത്രം തിരുത്താൻ ശ്രമിക്കുന്നതും സംബന്ധിച്ച് യുവാക്കളുടെ പ്രതികരണം രാജ്യം കണ്ടിട്ടുണ്ടെന്നും അവർ പറഞ്ഞു.
നെതർലൻഡ്സിലും ബെൽജിയത്തിലുമായി നടക്കാനിരിക്കുന്ന എഫ്.ഐ.എച്ച് ഹോക്കി ലോകകപ്പിന് മുന്നോടിയായാണ് പുരുഷ, വനിതാ ടീമുകൾക്കായി പുതിയ കാവി ജേഴ്‌സി ഹോക്കി ഇന്ത്യ അവതരിപ്പിച്ചത്. വർഷങ്ങളായി ഇന്ത്യൻ ഹോക്കിയുടെ പ്രധാന തിരിച്ചറിയൽ നിറമായിരുന്ന നീല ജേഴ്‌സിക്ക് പകരമാണ് പുതിയ നിറം എത്തുന്നത്.
ഹോക്കി ഇന്ത്യയുടെ തീരുമാനത്തിനെതിരെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വീരൻ റസ്ക്വിൻഹയും വിമർശനം ഉന്നയിച്ചിരുന്നു. നീല നിറം ഇന്ത്യൻ ഹോക്കിയുടെ വ്യക്തിത്വത്തിന്റെ ഭാഗമാണെന്നും അത് മാറ്റുന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പ്രതികരിച്ചു. പുതിയ ജേഴ്‌സി സംബന്ധിച്ച തീരുമാനം കായിക മേഖലയിലും രാഷ്ട്രീയ രംഗത്തും ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും നിരവധി ആരാധകർ നീല ജേഴ്‌സി തുടരണമെന്ന ആവശ്യം ഉയർത്തുന്നുണ്ട്.


