തിരുവനന്തപുരം: മഹിളാ കോൺഗ്രസ് നേതാവ് ആർ രശ്മി ബിജെപിയിലേക്ക്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം രശ്മി ഇന്ന് പാർട്ടി അംഗത്വം സ്വീകരിച്ചേക്കും. ബിജെപി സംസ്ഥാന കാര്യാലയത്തിൽ എത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
അയിഷാ പോറ്റി കോൺഗ്രസ്സിൽ ചേർന്നത് മുതൽ പാർട്ടി നേതൃത്വവുമായി അകൽച്ചയിലായിരുന്നു. അതേസമയം, രശ്മിയുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തിയെങ്കിലും വഴങ്ങിയില്ലെന്നാണ് വിവരം. 2021-ൽ കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുള്ള നേതാവാണ് ആർ രശ്മി. കൂടാതെ രണ്ട് നിബന്ധനകളും രശ്മി കോൺഗ്രസിന് മുന്നിൽ വെച്ചിരുന്നതായാണ് വിവരം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉണ്ടായ സാമ്പത്തിക ബാധ്യത പാർട്ടി തീർക്കണമെന്നും യുഡിഎഫ് അധികാരത്തിൽ വന്നാൽ ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങൾ ഏതെങ്കിലുമൊന്ന് നൽകണമെന്നുമായിരുന്നു രശ്മിയുടെ ആവശ്യം. എന്നാൽ, ഈ ആവശ്യങ്ങളോട് അനുകൂലമായ നിലപാടല്ല കോൺഗ്രസ് സ്വീകരിച്ചത്. ഇതേത്തുടർന്നാണ് പാർട്ടി വിടാനുള്ള അന്തിമ തീരുമാനത്തിലേക്ക് അവർ എത്തിയത്.










