ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം നടക്കാനിരിക്കെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചെന്നൈയിലേക്ക്. വിദ്യാർത്ഥികളുമായുള്ള സംവാദ പരിപാടിയുടെ മൂന്നാം ഘട്ടത്തിൽ പങ്കെടുക്കാനാണ് രാഹുൽ ഗാന്ധി ചെന്നൈയിലെത്തുന്നത്. ഉച്ചയ്ക്ക് 12.30ഓടെ അദ്ദേഹം ചെന്നൈയിൽ എത്തുമെന്നാണ് വിവരം.
ചെന്നൈയിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തും. തുടർന്ന് വിജയ് ഒരുക്കുന്ന ഉച്ചഭക്ഷണ വിരുന്നിലും പങ്കെടുക്കും. വൈകിട്ട് അഞ്ചുമണിക്കാണ് വിദ്യാർത്ഥികളുമായുള്ള സംവാദ പരിപാടി നിശ്ചയിച്ചിരിക്കുന്നത്. പരിപാടികൾ പൂർത്തിയാക്കിയ ശേഷം രാത്രിയോടെ രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് മടങ്ങും.
പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണ (SIR) നടപടികളിൽ ക്രമക്കേടുകൾ നടന്നുവെന്ന് ആരോപിച്ചാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങളിൽ രാഹുൽ ഗാന്ധി പ്രധാന പങ്കുവഹിച്ചിരുന്നു.
എന്നാൽ പ്രതിഷേധം നടക്കാനിരിക്കെ ചെന്നൈയിലെ മുൻകൂട്ടി നിശ്ചയിച്ച പരിപാടികളുമായി മുന്നോട്ടുപോകാനാണ് കോൺഗ്രസിന്റെ തീരുമാനം. വിദ്യാർത്ഥികളുമായുള്ള സംവാദ പരിപാടിയുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ വെള്ളിയാഴ്ച വൈകിട്ടും കോൺഗ്രസ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.




