കൊച്ചി: റേഞ്ച്‌റോവര്‍ അപകടത്തില്‍ ട്രേഡ് യൂണിയന്റെ വാദങ്ങള്‍ തള്ളി മോട്ടോര്‍ വാഹന വകുപ്പ്. മാനുഷിക പിഴവാണ് അപകടമുണ്ടാക്കിയതെന്നും വാഹനത്തിന് സാങ്കേതിക തകരാര്‍ ഉണ്ടായിട്ടില്ലെന്നും മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞു. അപകടത്തിനിടയാക്കിയ കാര്‍ ഇറക്കിയ അന്‍ഷാദിന് ആഢംബര കാര്‍ ഓടിക്കുന്നതില്‍ പരിചയക്കുറവ് ഉണ്ടായിരുന്നുവെന്നും ഇയാളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്നും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അസ്സിം വിഐ വ്യക്തമാക്കി.
അതേസമയം, അപകടത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരിക്കുകയാണ് കേരള ഓട്ടോ മൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍. വിദഗ്ധ പരിശീലനം ലഭിച്ച ട്രേഡ് യൂണിയന്‍ അംഗങ്ങളെ മാത്രമേ ഇത്തരം ജോലികള്‍ക്ക് നിയോഗിക്കാവൂ എന്നാണ് ആവശ്യം. ട്രേഡ് യൂണിയനുകള്‍ ഇക്കാര്യം ഉറപ്പു വരുത്തണമെന്ന് അസോസിയേഷന്‍ അഡ്മിനിസ്‌ട്രേറ്റര്‍ രഞ്ജിത്ത് ആവശ്യപ്പെട്ടു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നും നോക്കൂകൂലി വാങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്നും ഓട്ടോ മൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നു. അപകടത്തില്‍ മരിച്ച റോഷന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ഞായറാഴ്ച രാത്രി 11.30 നായിരുന്നു സംഭവം. കൊച്ചിയിലെ ആഡംബര കാര്‍ ഷോറൂമിന്റെ യാര്‍ഡിലേക്ക് എത്തിയ കണ്ടെയ്‌നര്‍ ട്രക്കില്‍ നിന്നും കാര്‍ ഇറക്കാന്‍ മൂന്ന് പേരാണ് എത്തിയത്. അപകടത്തില്‍ മരിച്ച ഷോറൂം ജീവനക്കാരന്‍ മട്ടാഞ്ചേരി സ്വദേശി റോഷന്‍ ആന്റണി സേവ്യര്‍, വാഹനം ഇറക്കാന്‍ എത്തിയ ട്രേഡ് യൂണിയന്‍ തൊഴിലാളികളായ അന്‍ഷാദ്, അനീഷ് എന്നിവരാണ് കാര്‍ ഇറക്കിയത്. അന്‍ഷാദ് കണ്ടെയ്‌നറിനുള്ളിലെ ആഢംബര കാറിന്റെ ഡ്രൈവര്‍ ആയും, അനീഷും റോഷനും നിര്‍ദേശം നല്‍കാന്‍ താഴെ രണ്ടു വശങ്ങളിലും നിന്നു കൊണ്ട് വാഹനം സ്റ്റാര്‍ട്ട് ചെയ്തു. എന്നാല്‍ നിമിഷങ്ങള്‍ക്കകം വാഹനം പിന്നോട്ട് കുതിച്ചു അനീഷിനെയും റോഷനെയും ഇടിച്ചിടുകയായിരുന്നു. പിന്നെയും പിറകോട്ട് കുതിച്ചു പിറകിലെ മാര്‍ബിള്‍ ഗോഡൗണിന്റെ മതിലില്‍ ഇടിച്ചു കയറുകയായിരുന്നു. വീണ്ടും മുന്‍പോട്ട് നീങ്ങി വൈദ്യുതപോസ്റ്റ് ഇടിച്ചിട്ട ശേഷം നിന്ന വാഹനത്തിന്റെ പിന്‍വശം പൂര്‍ണമായും തകര്‍ന്നു. ടയറുകളും ചില്ലും പൊട്ടി. ഗുരുതരമായി പരിക്കേറ്റ റോഷന്‍ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണത്തിന് കീഴടങ്ങിയത്. അനീഷിന് നെറ്റിയിലും കൈയ്ക്കും പരിക്കേറ്റു. ഇയാള്‍ ചികിത്സയിലാണ്. അന്‍ഷാദിനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ അടക്കം വകുപ്പുകള്‍ ചുമത്തി പാലാരിവട്ടം പൊലീസ് കേസെടുത്തിരിക്കുകയാണ്.






