ജിദ്ദ: വിശുദ്ധ നഗരങ്ങളിലേക്കുള്ള ഉംറ തീർഥാടകരുടെ എണ്ണത്തിൽ റെക്കോർഡ് വർധന. കഴിഞ്ഞ ഹിജ്‌റ മാസമായ റബീഉൽ ആഖിറിൽ 1.17 കോടിയിലധികം തീർഥാടകർ ഉംറ നിർവഹിച്ചതായി ഹജ്ജ്-ഉംറ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
തീർഥാടകർക്കായി ഒരുക്കിയ ആധുനിക സൗകര്യങ്ങളും മികച്ച സേവനങ്ങളും ഈ റെക്കോർഡ് വർധനയ്ക്ക് പിന്നിലെ പ്രധാന ഘടകങ്ങളാണെന്ന് അധികൃതർ വ്യക്തമാക്കി. ഡിജിറ്റൽ സംവിധാനങ്ങൾ വഴി വിസ നടപടിക്രമങ്ങൾ ലളിതമാക്കിയതും സംയോജിത ലോജിസ്റ്റിക് സേവനങ്ങൾ ഉറപ്പാക്കുന്നതും തീർഥാടകരുടെ യാത്ര കൂടുതൽ എളുപ്പവും സുഖപ്രദവുമാക്കിയതായി മന്ത്രാലയം പറഞ്ഞു.
ഹറമുകളിലേക്കുള്ള പ്രവേശനം സുഗമമാക്കൽ, യാത്രാ ആസൂത്രണം മുതൽ രാജ്യം വിടുന്നത് വരെ സുരക്ഷക്കും സൗകര്യത്തിനും മുൻഗണന നൽകൽ തുടങ്ങിയവയാണ് മന്ത്രാലയത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. തീർഥാടകർക്ക് മികച്ച അനുഭവം ഉറപ്പാക്കാനായി ഡിജിറ്റൽ സംവിധാനങ്ങളും ഓപ്പറേഷണൽ സംവിധാനങ്ങളും വികസിപ്പിക്കുന്നതിൽ അധികാരികൾ തുടർച്ചയായ ശ്രദ്ധ ചെലുത്തുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.


