തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം 40ൽ നിന്ന് 60 ആയി വർധിപ്പിക്കാൻ ആലോചിക്കുന്നതായി ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍. ഡ്രൈവിങ് ടെസ്റ്റുകളുമായി ബന്ധപ്പെട്ട നിലവിലെ തടസങ്ങൾ നീക്കി, പെൻഡിങ് ടെസ്റ്റുകൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതിനൊപ്പം അവ കാര്യക്ഷമമായും സുതാര്യമായും നടത്താനുള്ള പദ്ധതിയും പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ആർടിഒമാരുടെ കുറവ് പരിഹരിക്കുന്നതിനായി വിവിധ ഘട്ടങ്ങളിലായി ചർച്ചകൾ പൂർത്തിയായതായും അദ്ദേഹം വ്യക്തമാക്കി.
മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ ടെസ്റ്റുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രതിദിന ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം 60ൽ നിന്ന് 40 ആയി കുറച്ചിരുന്നു. എന്നാൽ ഈ തീരുമാനത്തിനെതിരെ ഡ്രൈവിങ് സ്കൂൾ ഉടമകളിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.
ടെസ്റ്റുകളുടെ എണ്ണം കുറച്ചതോടെ സംസ്ഥാനത്ത് ലൈസൻസ് ടെസ്റ്റുകൾ വലിയ തോതിൽ പെൻഡിങ് ആകുകയും അപേക്ഷകർക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരികയും ചെയ്തു. പ്രത്യേകിച്ച് വിദേശത്തേക്ക് ജോലിക്കോ പഠനത്തിനോ പോകാൻ തയ്യാറെടുക്കുന്നവരും വിവിധ ജില്ലകളിൽ നിന്ന് എത്തുന്നവരും ഏറെ പ്രതിസന്ധിയിലായിരുന്നുവെന്നാണ് പരാതികൾ.
ടെസ്റ്റ് സ്ലോട്ടുകൾ ലഭിക്കുന്നതിലെ പരിമിതിയും ടെസ്റ്റിൽ പരാജയപ്പെട്ടാൽ റീടെസ്റ്റിനായി ദീർഘകാലം കാത്തിരിക്കേണ്ട സാഹചര്യവും ജനങ്ങളെ വലച്ചിരുന്നു. ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഡ്രൈവിങ് സ്കൂൾ ഉടമകൾ സർക്കാരിന് പരാതി നൽകിയിരുന്നു.
അതേസമയം സംസ്ഥാനത്തെ നിരവധി കേന്ദ്രങ്ങളിൽ ആർടിഒമാരുടെ ഒഴിവുകൾ നിലനിൽക്കുന്നതും മോട്ടോർ വാഹന വകുപ്പിന്റെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ആർടിഒ ഒഴിവുകൾ നികത്തുന്നതോടെ വാഹന പെർമിറ്റ് വിതരണം, ലൈസൻസ് നടപടികൾ, ഓഫീസ് പ്രവർത്തനങ്ങൾ എന്നിവ കൂടുതൽ കാര്യക്ഷമമാകുമെന്നും ഉദ്യോഗസ്ഥരുടെ പ്രമോഷൻ ഉൾപ്പെടെയുള്ള ഭരണപരമായ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നും പ്രതീക്ഷിക്കുന്നു.






