മുംബൈ: കടലാസിന് പകരം പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള കറൻസി നോട്ടുകൾ പുറത്തിറക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 10 രൂപയും 20 രൂപയും അടങ്ങിയ പോളിമർ നോട്ടുകളാണ് ആദ്യം അവതരിപ്പിക്കാൻ സാധ്യതയുള്ളത്. കൂടുതൽ കാലം നിലനിൽക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനുമാണ് ഈ നീക്കം.
കഴിഞ്ഞ സാമ്പത്തികവർഷം കറൻസി വിനിമയത്തിൽ 11.5 ശതമാനം വളർച്ച രേഖപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന് കൂടുതൽ ഈടുനിൽക്കുന്ന നോട്ടുകൾ ആവശ്യമാണ് എന്ന വിലയിരുത്തലാണ് ആർബിഐ യോഗങ്ങളിൽ ഉയർന്നത്. പട്നയിലും മുംബൈയിലും നടന്ന സെൻട്രൽ ബോർഡ് യോഗങ്ങളിൽ ഈ വിഷയം ചർച്ചയായതായാണ് റിപ്പോർട്ട്.
നിലവിലെ കടലാസ് നോട്ടുകൾ 3 മുതൽ 4 വർഷത്തിനകം പഴകുകയും മാറ്റേണ്ട സാഹചര്യമുണ്ടാകുകയും ചെയ്യുന്നു. പ്രധാനമായും 10, 20 രൂപ നോട്ടുകളാണ് വേഗത്തിൽ നശിക്കുന്നത്. എന്നാൽ പോളിമർ നോട്ടുകൾ വെള്ളം, പൊടി എന്നിവയെ പ്രതിരോധിച്ച് കൂടുതൽ കാലം ഉപയോഗിക്കാനാകും. കൂടാതെ പ്രത്യേക സുരക്ഷാ സവിശേഷതകൾ ഉൾപ്പെടുത്താൻ കഴിയുന്നതിനാൽ കള്ളനോട്ടുകൾ നിർമ്മിക്കുന്നതും ബുദ്ധിമുട്ടാകും.
ഇതോടെ അച്ചടി ചെലവും കുറയുമെന്നാണ് പ്രതീക്ഷ. പോളിമർ കറൻസി ആശയം മുൻപും ആർബിഐ പരിഗണിച്ചിരുന്നു. 2012-ൽ കൊച്ചിയുൾപ്പെടെ അഞ്ച് നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആലോചിച്ചെങ്കിലും പിന്നീട് നടപ്പിലായില്ല.
ലോകത്ത് ആദ്യമായി 1988-ൽ ഓസ്ട്രേലിയയാണ് പോളിമർ കറൻസി ഉപയോഗിച്ചത്. ഇപ്പോൾ ഏകദേശം 60-ഓളം രാജ്യങ്ങൾ ഈ സംവിധാനം ഉപയോഗിക്കുന്നു. ആർബിഐയുടെ കണക്കുകൾ പ്രകാരം 2025–26 സാമ്പത്തികവർഷം കറൻസി അച്ചടിക്കാൻ വലിയ ചെലവാണ് ഉണ്ടായത്. അതേസമയം, വലിയ തോതിൽ മുഷിഞ്ഞ നോട്ടുകൾ വിപണിയിൽ നിന്ന് പിൻവലിക്കുകയും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.






