കൊച്ചി: കൊച്ചി നഗരത്തിൽ റിട്ടയേർഡ് അധ്യാപികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പോണേക്കര പ്രതീക്ഷ നഗർ റെസിഡൻസ് അസോസിയേഷനിലെ താമസക്കാരിയായ വനജയെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടിലെ കിടക്കയിൽ രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. ശരീരത്തിൽ നിരവധി മുറിവുകളുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സ്ഥലത്തെത്തി പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ കൊലപാതകമാണെന്നാണ് സംശയിക്കുന്നത്. എന്നാൽ കൂടുതൽ വിശദമായ പരിശോധനകൾക്ക് ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂവെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ പകൽ മുഴുവൻ വനജ വീട്ടിൽ തനിച്ചായിരുന്നു. രാത്രി ഒമ്പതരയോടെ ബന്ധുക്കൾ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ കൊലപാതക സാധ്യത മുൻനിർത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇന്ന് ഫോറൻസിക് വിദഗ്ധർ ഉൾപ്പെടുന്ന സംഘം സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധന നടത്തും.
മോഷണശ്രമത്തിനിടെയുണ്ടായ കൊലപാതകമാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹത്തിനടുത്തുനിന്ന് ഒരു കത്തിയും കണ്ടെത്തിയിട്ടുണ്ട്. കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്തതാകാമെന്ന സാധ്യതയും പൊലീസ് പരിശോധിച്ചുവരികയാണ്.




