തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന അമൂല്യവസ്തുക്കൾ കാണാതായതായി റിപ്പോർട്ട്. ക്ഷേത്രത്തിലെ കാണിക്കയായി ലഭിച്ച ഏകദേശം 78 ഗ്രാം സ്വർണ്ണക്കട്ടികളും ചില നാണയങ്ങളുമാണ് നഷ്ടമായതെന്നാണ് വിവരം. ക്ഷേത്രത്തിലെ സ്വർണ്ണ വിളക്ക് അറ്റകുറ്റപ്പണികൾക്കായി മാറ്റിയെങ്കിലും പിന്നീട് അത് കണ്ടെത്താനായില്ല. അതിന് പകരമായി ഔദ്യോഗിക രേഖകളില്ലാതെ വെള്ളി വിളക്ക് സ്ഥാപിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
“വൈര നമ” എന്ന ആഭരണവും കഴിഞ്ഞ ആറുമാസമായി കാണാതായിരിക്കുകയാണ്. ക്ഷേത്രത്തിൽ ഗുരുതരമായ സുരക്ഷാ വീഴ്ചകൾ ഉണ്ടായതായി സംസ്ഥാന പൊലീസ് മേധാവി അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ക്ഷേത്രത്തിലെ ചില ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും രാജകുടുംബവുമായി അടുത്ത ബന്ധമുള്ള ചിലരും സുരക്ഷാ പരിശോധനകൾ ഒഴിവാക്കി മറ്റൊരു കവാടത്തിലൂടെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ആദിത്യവർമ്മയുമായി ബന്ധമുള്ള ചിലർ സുരക്ഷാ ക്രമീകരണങ്ങൾ മറികടന്ന് ക്ഷേത്രത്തിൽ കയറുന്നുവെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ക്ഷേത്രത്തിലെ സ്വർണ്ണക്കട്ടികൾ സൂക്ഷിക്കുന്ന രീതിയിൽ മാറ്റം വരുത്തണമെന്നും സുരക്ഷ കൂടുതൽ ശക്തമാക്കണമെന്നും ഡിജിപി റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. ഇൻ്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് സർക്കാരിന് കൈമാറിയത്.






