ബെംഗളൂരു: ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. രണ്ട് കളിയിലും അടിതെറ്റിയ ആഘാതത്തിലായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്ന് ജയം ലക്ഷ്യം ഇട്ടാകും ഇറങ്ങുക. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യൻമാർ ഇത്തവണയും അതേ ആവേശത്തിലാണ്. നേര്‍ക്കുനേര്‍ കണക്കില്‍ മുന്നില്‍ ചെന്നൈ തന്നെയാണ്. ഏറ്റുമുട്ടിയ മുപ്പത്തിയഞ്ച് കളിയില്‍ 21ലും സി എസ് കെ ജയിച്ചു. ആര്‍സിബിയുടെ ജയം 13 മത്സരങ്ങളില്‍ മാത്രമാണ്.
രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് വന്‍തരംഗമായി ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിലെത്തിയ സഞ്ജു ആദ്യ രണ്ട് കളിയിലും നിരാശപ്പെടുത്തി. രാജസ്ഥാനെതിരെയും പഞ്ചാബിനെതിരെയും രണ്ടക്കം തൊടാതെ മടങ്ങിയ ചേട്ടന്‍ മൂന്നാമങ്കത്തില്‍ തകര്‍പ്പന്‍ ഷോട്ടുകളുമായി കളംനിറയുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍. സഞ്ജുവിനൊപ്പം ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് ഉള്‍പ്പെട്ട ബാറ്റിംഗ് നിര ഫോമിലേക്കെത്തണം. ബൌളിംഗ് നിരയുടെ മോശമായ പ്രകടനവും പ്രതിസന്ധിയാണ്.
വിരാട് കോലി നയിക്കുന്ന ബാറ്റിംഗ് നിരയ്‌ക്കൊത്ത ബൌളര്‍മാരെക്കൂടി കിട്ടിയതോടെ റോയല്‍ ചലഞ്ചേഴ്‌സ് ഫോമിലാണ്. കോലിയുടെ ക്ലാസിനും സ്ഥിരതയ്ക്കുമൊപ്പം വിശ്വസ്തരായി ദേവ്ദത്ത് പടിക്കലും ക്യാപ്റ്റന്‍ രജത് പടിദാറും. ഫില്‍ സോള്‍ട്ട്, ജിതേഷ് ശര്‍മ്മ, ടിം ഡേവിഡ് എന്നിവര്‍ക്കൊപ്പം ഓള്‍റൌണ്ട് കരുത്തായി റൊമാരിയോ ഷെപ്പേര്‍ഡും ക്രുനാല്‍ പണ്ഡ്യയും.ഇത്തവണയും കിരീടം നിലനിർത്താൻ വേണ്ടിയാണ് കോലിയും കൂട്ടരും കളിക്കളത്തിലേക്ക് ഇറങ്ങുന്നത്. ജയ സാധ്യതകൂടുതല്‍ രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ക്കാണ്. ബാറ്റര്‍മാരെ കൈയയ്ച്ച് സഹായിക്കുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിലെ വിക്കറ്റില്‍ കൂറ്റന്‍ സ്‌കോര്‍ പ്രതീക്ഷിക്കാം.




