കൊച്ചി: ഹാല്‍ സിനിമയെ എതിര്‍ത്ത് ഹൈക്കോടതിയില്‍ ആര്‍എസ്എസിന്റെ ഹര്‍ജി. ആര്‍എസ്എസിനെ സിനിമ മോശമായി ചിത്രീകരിക്കുന്നെന്നും, സിനിമ മത- സാമുദായിക ഐക്യം തകര്‍ക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു.
ആര്‍എസ്എസ് ചേരാനല്ലൂര്‍ ശാഖയിലെ മുഖ്യശിക്ഷക് എംപി അനില്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്.
ഹാലിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാനാണ് അപേക്ഷ. സിനിമ വിവാദത്തില്‍ കേരള ഹൈക്കോടതി ചിത്രം കണ്ടിരുന്നു.
ഹാല്‍ സിനിമയിലെ ‘ധ്വജപ്രണാമം, സംഘം കാവലുണ്ട്’ എന്നീ ഡയലോഗുകള്‍ ഒഴിവാക്കണമെന്നും ബീഫ് ബിരിയാണി കഴിക്കുന്ന രംഗം നീക്കം ചെയ്യണമെന്നുമാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചത്.
ചിത്രത്തിന് ഇതുവരെയും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ആകെ 19 കട്ടുകളാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പിന്നാലെ സെന്‍സര്‍ ബോര്‍ഡിന്റെ നടപടിക്കെതിരെ നിര്‍മ്മാതാക്കളായ ജെവിജെ പ്രൊഡക്ഷന്‍സ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
നവാഗതനായ വീര സംവിധാനം ചെയ്യുന്ന, ഷെയിന്‍ നിഗം നായകനാകുന്ന ‘ഹാല്‍’ സെപ്റ്റംബര്‍ 12 നായിരുന്നു റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പിന്നീട് റിലീസ് മാറ്റിവെക്കുകയായിരുന്നു


