കീവ്: റഷ്യയും യുക്രെയ്നും തമ്മിലുള്ള നാല് വർഷം നീണ്ട യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾക്ക് മുന്നോടിയായി യുക്രെയ്നിൽ റഷ്യയുടെ വൻ വ്യോമാക്രമണം. ഊർജ്ജ നിലയങ്ങൾ ആക്രമിക്കില്ലെന്ന വാഗ്ദാനം റഷ്യ ലംഘിച്ചതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി ആരോപിച്ചു. നൂറുകണക്കിന് ഡ്രോണുകളും 32 ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയത്. ആക്രമണത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു.
അതിശൈത്യം തുടരുന്നതിനിടയിൽ ജനങ്ങൾക്ക് വൈദ്യുതിയും ചൂടും വെള്ളവും നിഷേധിക്കാനുള്ള മോസ്കോയുടെ നിരന്തരമായ ശ്രമത്തിന്റെ ഭാഗമാണ് ഈ ആക്രമണമെന്ന് യുക്രെയ്ൻ പറഞ്ഞു. കീവിൽ താപനില മൈനസ് 20 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്ന രാത്രിയിലാണ് റഷ്യ ഈ ക്രൂരത കാട്ടിയത്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ അഭ്യർത്ഥനപ്രകാരം ഫെബ്രുവരി 1 വരെ കീവിന് നേരെയുള്ള ആക്രമണങ്ങൾ നിർത്തിവെക്കാൻ പുടിൻ സമ്മതിച്ചിരുന്നതായി കഴിഞ്ഞ ആഴ്ച ക്രെംലിൻ അറിയിച്ചിരുന്നു. എന്നാൽ ശൈത്യം കടുക്കുന്നതിനൊപ്പം റഷ്യൻ ആക്രമണങ്ങളും തുടരുകയാണ്.
ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന വാഗ്ദാനം ലംഘിക്കപ്പെട്ടതായും ഇതിന് പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും സെലെൻസ്‌കി മുന്നറിയിപ്പ് നൽകി. എന്നാൽ പുടിൻ തന്റെ വാക്ക് പാലിച്ചുവെന്നും ഒരു ആഴ്ചത്തെ വെടിനിർത്തൽ വലിയ കാര്യമാണെന്നുമാണ് ട്രംപിന്റെ പ്രതികരണം.
യുക്രെയ്ൻ ഉദ്യോഗസ്ഥരുടെ കണക്കനുസരിച്ച് അഞ്ച് മേഖലകളിലായി 450 ദീർഘദൂര ഡ്രോണുകളും 70 മിസൈലുകളുമാണ് റഷ്യ പ്രയോഗിച്ചത്. വൈദ്യുതി വിതരണ ശൃംഖലയെയും ട്രാൻസ്‌ഫോർമറുകളെയും തകർത്ത് ജനജീവിതം ദുസ്സഹമാക്കുകയാണ് റഷ്യയുടെ ലക്ഷ്യം. യുക്രെയ്നിലെ ഏറ്റവും വലിയ സ്വകാര്യ ഊർജ്ജ കമ്പനിയായ ഡിടിഇകെ (DTEK), ഒക്ടോബറിന് ശേഷമുള്ള ഒമ്പതാമത്തെ പ്രധാന ആക്രമണമാണിതെന്ന് വ്യക്തമാക്കി.




