കൊച്ചി: കളമശ്ശേരി എച്ച്.എം.ടി കവലയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ലോറി ഇടിച്ച് കയറി അപകടം. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. എച്ച്എംടി ഭാഗത്ത് നിന്നും കോൺക്രീറ്റ് മിക്സുമായി വന്ന ലോറി ട്രാഫിക് നിയമം തെറ്റിച്ച് തിരിച്ചപ്പോഴാണ് അപകടം ഉണ്ടായത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ ഗ്ലാസ് ഭിത്തിയുടെ ഫ്രെയിം തകർന്നു.
കവലയിൽ നിന്നും തെറ്റായ ഭാഗത്ത് നിന്ന് വന്ന ലോറി തിരിച്ചപ്പോൾ ആളുകൾ ബഹളമുണ്ടാക്കിയിരുന്നു. വാഹനം തിരിക്കാനുള്ള ശ്രമത്തിനിടെ ലോറിയുടെ മുൻ ഭാഗം ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇടിക്കുകയായിരുന്നു. പൂർണമായും എയർ കണ്ടീഷൻ ചെയ്ത കാത്തിരുപ്പ് കേന്ദ്രമായിരുന്നു ഇത്. മൊബൈൽ ചാർജിംഗ് പോയിന്റുകളും വൈഫൈ സൗകര്യവും പോലീസ് സ്റ്റേഷനിലേക്ക് 24×7 ഓൺലൈൻ ആക്സസ്സുളള സിസിടിവി ക്യാമറകളും മ്യൂസിക് സംവിധാനവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. എന്നും നിരവധി ആളുകളാണ് ഈ കാത്തിരിപ്പ് കേന്ദ്രം വിനിയോഗിക്കുന്നത്.






