കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് വൈകും. പുതിയ കണ്ടെത്തലുകൾ കൂടി ഉൾപ്പെടുത്തി വിശദമായ കുറ്റപത്രം തയ്യാറാക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) തീരുമാനം. 2025-ലെ ദ്വാരപാലക പാളി കൈമാറ്റവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് എസ്‌ഐടി വിലയിരുത്തി. കേസിൽ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനും അന്വേഷണ സംഘം തയ്യാറെടുക്കുകയാണ്.
അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും മുൻ ബോർഡ് അംഗം അജികുമാറിനെയും കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യാനാണ് എസ്‌ഐടിയുടെ നീക്കം. ഇവരുമായി ബന്ധപ്പെട്ട് കൂടുതൽ പേരെയും ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. കേസിൽ 2025-ലും സ്വർണക്കവർച്ച നടന്നതായി എസ്‌ഐടി സംശയിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടായേക്കുമെന്നാണ് വിവരം.
അതേസമയം, കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളായിരുന്നുവെന്നും ഔദ്യോഗിക ചുമതലയിൽ വീഴ്ച വരുത്തിയെന്നുമാണ് എസ്‌ഐടി വ്യക്തമാക്കിയത്. 2019-ലെ സ്വർണക്കവർച്ച മറച്ചുവെക്കാൻ പുതിയ ബോർഡ് ഉത്തരവിറക്കിയതായും റിപ്പോർട്ടിൽ പറയുന്നു. സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ച 12 ദ്വാരപാലക പാളികളിൽ നാലെണ്ണത്തിൽ നിന്ന് വീണ്ടും സ്വർണം വേർതിരിച്ചെടുത്തതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.




