പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘം നിര്‍ണായക പരിശോധന ആരംഭിച്ചു.
ഇതിന്റെ ഭാഗമായി ശബരിമല സന്നിധാനത്ത് തെളിവെടുപ്പ് ആരംഭിച്ചിരിക്കുകയാണ് എസ്ഐടി.
സാമ്പിളുകള്‍ ശേഖരിക്കുന്നതിന് വേണ്ടി സ്വര്‍ണപാളികള്‍ ഇളക്കിമാറ്റിയിരിക്കുയാണ്. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി.
സ്വര്‍ണക്കൊളളയില്‍ സംസ്ഥാന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ രേഖകള്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് നല്കിയ ഹര്‍ജി ദേവസ്വം ബെഞ്ച് പരിഗണിക്കാന്‍ നിര്‍ദ്ദേശം നല്കി ഹൈക്കോടതി.
ഇക്കാര്യത്തില്‍ ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കണമെന്ന് സിംഗില്‍ ബെഞ്ച് വ്യക്തമാക്കി. നിലവില്‍ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ദേവസ്വം ഡിവിഷന് ബെഞ്ചാണ് പരിഗണിക്കുന്നത്.
അതിനാല്‍ ഈ തീരുമാനവും അതേ ബെഞ്ച് എടുക്കുന്നതാകും ഉചിതമെന്നാണ് ജസ്റ്റിസ് സി എസ് ഡയസ്സിന്റെ ബെഞ്ച് അറിയിച്ചത്.
കേസിന്റെ എഫ് ഐ ആര് , അനുബന്ധ മൊഴികള്‍, രേഖകള്‍ എന്നിവയുടെ പകര്‍പ്പാണ് തേടിയിരിക്കുന്നത്.
ഈ ആവശ്യമുന്നയിച്ച് റാന്നി കോടതിയില്‍ നല്കിയ അപേക്ഷ തളളിയതോടെയാണ് കേന്ദ്ര ഏജന്‍സി ഹൈക്കോടതിയില്‍ എത്തിയത്.
ശബരിമല സ്വര്‍ണക്കൊളളയില്‍ കളളപ്പണ ഇടപാട് നടന്നതായി സംശയിക്കുന്നെന്നും വിശദമായ അന്വേഷണത്തിന് കേസുകളുടെ രേഖകളും വിശദാംശങ്ങളും വേണമെന്നുമാണ് ആവശ്യം.
സ്വര്‍ണക്കൊളളയിലെ കളളപ്പണ ഇടപാട് പരിശോധിക്കുമെന്ന് ഇഡി വൃത്തങ്ങള്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.




