പത്തനംതിട്ട: ശബരിമലയിൽ ഓണസദ്യയുടെ പേരിലുള്ള സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇത്തവണ ബോർഡ് നേരിട്ട് മെസ് വഴി ഭക്തർക്ക് ഓണസദ്യ ലഭ്യമാക്കി. ജീവനക്കാരിൽ നിന്ന് പണപ്പിരിവ് നടത്തി സദ്യ നടത്തേണ്ടതില്ലെന്നും ദേവസ്വം ബോർഡ് നേരിട്ട് സദ്യ ഒരുക്കണമെന്നും തീരുമാനിക്കുകയായിരുന്നു.
അതേസമയം, അന്നദാന മണ്ഡപത്തിൽ പുലാവ് വിളമ്പിയതിൽ സർവീസ് സംഘടനകൾ അതൃപ്തി അറിയിച്ചു. എന്നാൽ സദ്യയുടെ പേരിലുള്ള അനധികൃത പണപ്പിരിവ് ഒഴിവാക്കുക എന്നതായിരുന്നു ബോർഡിന്റെ പ്രധാന ലക്ഷ്യമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി.
ശബരിമലയിലെ ഓണസദ്യ ആചാരവുമായി ബന്ധപ്പെട്ട ചടങ്ങല്ലെന്നും മുൻവർഷങ്ങളിൽ സദ്യയുടെ പേരിൽ വ്യാപകമായ പണപ്പിരിവ് നടന്നതായി ദേവസ്വം വിജിലൻസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും ബോർഡ് അറിയിച്ചു.
മുൻ വർഷങ്ങളിൽ ഉത്രാടം, തിരുവോണം ദിവസങ്ങളിൽ ജീവനക്കാരുടെ നേതൃത്വത്തിലും അവിട്ടം ദിവസം പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുമായിരുന്നു സദ്യ സംഘടിപ്പിച്ചിരുന്നത്.
കൃത്യമായ മുൻകൂർ നിർദേശങ്ങളോ അധിക ഫണ്ടോ അനുവദിക്കാതെയാണ് ഇത്തവണ സദ്യ പ്രഖ്യാപിച്ചതെന്ന് ചൂണ്ടിക്കാട്ടി മെസ് നടത്തിപ്പുകാർ രംഗത്തെത്തിയിരുന്നു. മൂന്ന് നേരത്തെ ഭക്ഷണത്തിനായി അനുവദിക്കുന്ന പരിമിതമായ തുകയ്ക്കുള്ളിൽ വാഴയിലയിൽ സദ്യ ഒരുക്കുന്നത് പ്രായോഗികമല്ലെന്നും അവർ ദേവസ്വം ബോർഡിനെ അറിയിച്ചിരുന്നു.
ഇതോടെയാണ് സംഘടനകളുടെ നേതൃത്വത്തിലുള്ള പണപ്പിരിവ് ഒഴിവാക്കി ദേവസ്വം ബോർഡ് നേരിട്ട് ഭക്ഷണം നൽകാൻ തീരുമാനിച്ചത്.


