മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മാറ്റം. കാൽവിരലിനേറ്റ പരിക്കിനെ തുടർന്ന് സായ് സുദർശൻ പുറത്തായതോടെ പകരക്കാരനായി മധ്യനിര ബാറ്റർ സർഫറാസ് ഖാനെ ടീമിൽ ഉൾപ്പെടുത്തി ബിസിസിഐ.
ബംഗളൂരുവിലെ സെന്റർ ഓഫ് എക്സലൻസിൽ ചികിത്സയിലായിരുന്ന സായ് സുദർശന്റെ പരിക്ക് ഭേദമായെങ്കിലും പരമ്പര ആരംഭിക്കുന്നതിന് മുമ്പ് പൂർണ കായികക്ഷമത വീണ്ടെടുക്കാനാകില്ലെന്ന് ബിസിസിഐ മെഡിക്കൽ സംഘം അറിയിച്ചതോടെയാണ് സർഫറാസിനെ പകരക്കാരനായി ഉൾപ്പെടുത്തിയത്.
കൊളംബോയിലെത്തുന്ന സർഫറാസ് അവിടെനിന്ന് ആദ്യ ടെസ്റ്റ് നടക്കുന്ന ഗാലെയിലേക്ക് ടീമിനൊപ്പം യാത്ര ചെയ്യും. ഇന്ത്യക്കായി ഇതുവരെ ആറ് ടെസ്റ്റുകളിൽ കളിച്ചിട്ടുള്ള 28കാരനായ സർഫറാസ് 37.10 ശരാശരിയിൽ 371 റൺസ് നേടിയിട്ടുണ്ട്. 150 റൺസാണ് ടെസ്റ്റിലെ ഉയർന്ന സ്കോർ.
2024ൽ ന്യൂസിലൻഡിനെതിരായ പരമ്പരയിലാണ് സർഫറാസ് അവസാനമായി ഇന്ത്യക്കായി ടെസ്റ്റ് കളിച്ചത്. 2024-25ലെ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെട്ടിരുന്നെങ്കിലും പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചിരുന്നില്ല.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ നിലവിൽ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യക്ക് ഫൈനൽ പ്രതീക്ഷ നിലനിർത്താൻ ശ്രീലങ്കയ്‌ക്കെതിരായ പരമ്പര വിജയം നിർണായകമാണ്. ഓഗസ്റ്റ് 15ന് ഗാലെയിലാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുക. രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 23 മുതൽ 27 വരെ കൊളംബോയിൽ നടക്കും.
ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, ഋഷഭ് പന്ത്, ധ്രുവ് ജൂറെൽ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മാനവ് സുതാർ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ, ദേവദത്ത് പടിക്കൽ, സാരനാഥ് ജെയിൻ, ആക്വിബ് നബി, സർഫറാസ് ഖാൻ.


