പാലക്കാട്: ഇത്തവണ നിയമസഭയിൽ പാലക്കാടിന്റെ വിഷയങ്ങൾ ഉയർത്താൻ 12 എം.എൽ.എമാർ മാത്രമല്ല, തൃക്കരിപ്പൂരിൽ നിന്ന് വിജയിച്ച സന്ദീപ് വാരിയരും കാസർകോടിനൊപ്പം പാലക്കാടിന്റെ ശബ്ദമാകുമെന്ന് വ്യക്തമാക്കി. “ജയിച്ച മണ്ഡലത്തോട് പറഞ്ഞറിയിക്കാനാകാത്ത നന്ദിയുണ്ട്. തളർത്താൻ ശ്രമിച്ചപ്പോഴൊക്കെ പിന്തുണയായ പാലക്കാടിനെയും എന്നും ചേർത്തുപിടിക്കും” എന്ന് പാലക്കാട് ചെത്തല്ലൂരുകാരനായ നിയുക്ത എം.എൽ.എ. സന്ദീപ് വാരിയർ പറഞ്ഞു.
തൃക്കരിപ്പൂരിലെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കും വോട്ടർമാർക്കും നന്ദി അറിയിച്ച അദ്ദേഹം, മണ്ഡലത്തിലെ ജനങ്ങളുടെ ശബ്ദമായി പ്രവർത്തിക്കുകയാണെന്ന് പറഞ്ഞു. “എത്രയും വേഗം തൃക്കരിപ്പൂരിൽ എം.എൽ.എ ഓഫീസ് തുറന്ന് സേവന പ്രവർത്തനങ്ങൾ ശക്തമാക്കും” എന്നും അദ്ദേഹം വ്യക്തമാക്കി.
തീരദേശവും മലയോരവും ചേർന്ന തൃക്കരിപ്പൂരിന്റെ ഭൂപ്രകൃതിയും കാർഷിക മേഖലയുമായി ബന്ധപ്പെട്ട സാധ്യതകളും നേരിൽ കണ്ടറിയാൻ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിച്ച് വികസനം കൊണ്ടുവരുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രചാരണകാലത്ത് നേരിട്ട വെല്ലുവിളികളും, എന്നാൽ പ്രവർത്തകരുടെ ശക്തമായ പിന്തുണയുമാണ് വിജയത്തിന് കാരണമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. വികസനം എത്തിച്ചേരാൻ കഴിയാത്ത ഒരു മേഖലയുമില്ലാത്ത മണ്ഡലമാക്കുകയാണ് ലക്ഷ്യമെന്നും സന്ദീപ് വാരിയർ പറഞ്ഞു.
“പരാതികളുമായി എത്തുന്നവരുടെ രാഷ്ട്രീയമോ മണ്ഡലമോ നോക്കാതെ സഹായിക്കണം. പാലക്കാട് എം.എൽ.എ ഓഫീസ് ഇല്ലെങ്കിലും, ജില്ലയിൽ എത്തുന്നവർക്ക് എന്നെ കാണാനും പ്രശ്നങ്ങൾ അറിയിക്കാനും തടസ്സമില്ല” എന്നും അദ്ദേഹം വ്യക്തമാക്കി.
വിജയത്തിന് പിന്നാലെ വിവിധ നേതാക്കളെ സന്ദർശിച്ച് അനുഗ്രഹം വാങ്ങിയ ശേഷം, ചെത്തല്ലൂരിലെ വീട്ടിൽ തിരിച്ചെത്തിയ അദ്ദേഹത്തിന് നാട്ടുകാരും പ്രവർത്തകരും ചേർന്ന് വൻ സ്വീകരണമാണ് ഒരുക്കിയത്.






