ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ നിർണായക നാലാം മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീമിന്റെ ബാറ്റിങ് നിരയിൽ മാറ്റങ്ങൾ വേണമെന്ന് മുൻ ഇന്ത്യൻ താരം പാർത്ഥിവ് പട്ടേൽ. തുടർച്ചയായ തോൽവികൾക്ക് പിന്നാലെ മലയാളി താരം സഞ്ജു സാംസണെ പ്ലേയിങ് ഇലവനിൽ തിരിച്ചെത്തിക്കണമെന്നാണ് പാർത്ഥിവിന്റെ നിർദേശം.
പരമ്പരയിലെ ആദ്യ മത്സരത്തിൽ കളിച്ച സഞ്ജുവിന് തുടർന്നുള്ള രണ്ട് മത്സരങ്ങളിലും അവസരം ലഭിച്ചിരുന്നില്ല. എന്നാൽ സഞ്ജു തിരിച്ചെത്തിയാൽ തിലക് വർമയെ ഒഴിവാക്കണമെന്ന അഭിപ്രായത്തോട് പാർത്ഥിവ് യോജിക്കുന്നില്ല. പകരം ഓൾറൗണ്ടർ ശിവം ദുബെയെ മാറ്റിനിർത്തണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
ഇന്ത്യയുടെ ആദ്യ ഏഴ് ബാറ്റർമാരിൽ ആറുപേരും ഇടങ്കയ്യൻമാരാണെന്നും ഇത് എതിരാളികൾക്ക് അനുകൂല സാഹചര്യം ഒരുക്കുന്നുവെന്നും പാർത്ഥിവ് ചൂണ്ടിക്കാട്ടി. വലിയ ഗ്രൗണ്ടുകളിൽ ഇത് ഇന്ത്യയ്ക്ക് വെല്ലുവിളിയാകുമെന്നും മധ്യനിരയിൽ സഞ്ജുവിനെ ഉൾപ്പെടുത്തുന്നത് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവരടങ്ങിയ മധ്യനിരയാണ് ഇന്ത്യയ്ക്ക് വേണ്ടതെന്നും മത്സര സാഹചര്യങ്ങൾ അനുസരിച്ച് ബാറ്റിങ് ഓർഡറിൽ മാറ്റം വരുത്താമെന്നും പാർത്ഥിവ് വ്യക്തമാക്കി.
വൈസ് ക്യാപ്റ്റൻ തിലക് വർമയെ ആറാം നമ്പറിൽ ഇറക്കി ഫിനിഷറുടെ റോളിൽ പരീക്ഷിക്കണമെന്നും കൂടുതൽ ഓൾറൗണ്ടർമാരെ ഉൾപ്പെടുത്തുന്നതിന് പകരം അഞ്ച് സ്പെഷ്യലിസ്റ്റ് ബൗളർമാരുമായി ഇന്ത്യ കളിക്കണമെന്നും പാർത്ഥിവ് നിർദേശിച്ചു.
നോട്ടിങ്ഹാമിൽ നടന്ന മൂന്നാം ടി20യിൽ ഇന്ത്യ വെറും 76 റൺസിന് ഓൾഔട്ടായി 125 റൺസിന്റെ തോൽവി വഴങ്ങിയിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 0-2ന് പിന്നിലാണ്.
പരമ്പരയിൽ തിരിച്ചുവരാൻ ഇന്ത്യക്ക് നാലാം മത്സരം നിർണായകമാണ്. ഇന്നത്തെ മത്സരത്തിൽ തോറ്റാൽ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ഇന്ത്യക്ക് നഷ്ടമാകും. പുതിയ നായകൻ ശ്രേയസ് അയ്യർക്ക് കീഴിൽ ഇന്ത്യക്ക് ഇതുവരെ ഒരു വിജയം നേടാനായിട്ടില്ല.












