കൊച്ചി: വിഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ബെന്നി ബെഹനാനെ സമീപിച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രി പെരുമ്പാവൂർ മുടിക്കലിൽ നടന്ന സ്വകാര്യ ചടങ്ങിനിടെയായിരുന്നു സംഭവം. ഒരു കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയ ബെന്നി ബെഹനാനെ കാണാനായി യൂത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രാദേശിക നേതാക്കളും പ്രവർത്തകരും എത്തി. വി.ഡി. സതീശനെ പിന്തുണയ്ക്കണമെന്നും പ്രവർത്തകരുടെ വികാരം അദ്ദേഹത്തോടൊപ്പമാണെന്നും അവർ അറിയിച്ചു.
ഇക്കാര്യത്തിൽ തീരുമാനം എടുക്കുന്നത് ഹൈക്കമാൻഡാണെന്നും അത് തങ്ങളുടെ കൈയിലല്ലെന്നും ബെന്നി ബെഹനാൻ പ്രവർത്തകരോട് വിശദീകരിച്ചു. തുടർന്ന് പ്രവർത്തകരെ അനുനയിപ്പിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഇത് സൗഹാർദപരമായ സംഭാഷണമാത്രമായിരുന്നുവെന്നും പ്രവർത്തകർ അവരുടെ വികാരം അറിയിക്കുകയായിരുന്നു ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.






