തൃശ്ശൂർ: ചൊവ്വന്നൂർ പഞ്ചായത്തിന്റെ വികസനവും ജനക്ഷേമവും മുൻനിർത്തി ചൊവ്വന്നൂർ പഞ്ചായത്തിലെ ഭരണാധികാരത്തിലേക്ക് യുഡിഎഫ് പ്രതിനിധിയെ എത്തിക്കാനായ പിന്തുണ പ്രഖ്യാപിച്ചതായി എസ്.ഡി.പി.ഐ പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു. ഫാസിസ്റ്റ്, ജനവിരുദ്ധ നയങ്ങൾ പിന്തുടരുന്ന ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റുക എന്നതാണ് എസ്ഡിപിഐയുടെ സ്ഥിരമായ നിലപാടെന്ന് കമ്മിറ്റി വ്യക്തമാക്കി. ഇതിൻ്റെ ഭാഗമായി ബിജെപി അല്ലാത്ത ഏതൊരു പാർട്ടിയുമായും ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി സഹകരിക്കാൻ തങ്ങൾ എപ്പോഴും സന്നദ്ധരാണെന്നും നേതൃത്വത്തിൽ അറിയിച്ചു.
പഞ്ചായത്തിൽ വികസനോന്മുഖ ഭരണത്തിന് വഴിയൊരുക്കുക, പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ ഉറപ്പാക്കുക, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, സാമൂഹിക നീതി നടപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് യുഡിഎഫിനെ പിന്തുണച്ചതെന്നും എസ്ഡിപിഐ വ്യക്തമാക്കി. “ഇത് അധികാരത്തിനായുള്ള രാഷ്ട്രീയമല്ല ജനങ്ങളുടെ ആവശ്യങ്ങൾക്കായുള്ള ഉത്തരവാദിത്വപരമായ ഇടപെടലാണ്. ജനങ്ങൾ നൽകിയ വിശ്വാസം കാത്തുസൂക്ഷിച്ച്, ചൊവ്വന്നൂരിന്റെ സമഗ്ര വികസനത്തിനായി ശക്തമായ ജനപക്ഷ നിലപാടുകളോടെ പ്രവർത്തനം തുടരുമെന്ന്” കമ്മിറ്റി അറിയിച്ചു.






