തിരുവനന്തപുരം: കടയ്ക്കാവൂർ ചാവടിമുക്കിൽ നടുറോഡിൽ യുവതിക്ക് നേരെ ക്രൂര ആക്രമണം. കടയ്ക്കാവൂർ സ്വദേശി വിജിയെ രണ്ടാം ഭർത്താവ് അനു വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചു. ആക്രമണത്തിൽ വിജിയുടെ കൈകൾക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ വിജിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു കൈ പൂർണമായും അറ്റുപോയതായാണ് റിപ്പോർട്ട്. രണ്ട് കൈകളിലും വെട്ടേറ്റിട്ടുണ്ട്.
സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതി അനുവിനെ പൊലീസ് പിടികൂടി. കോട്ടയത്ത് ജോലി ചെയ്യുന്ന വിജി ഇന്ന് നാട്ടിലെത്തിയ ശേഷം അനു ജോലി ചെയ്യുന്ന വർക്ക്‌ഷോപ്പിലേക്ക് പോയിരുന്നു. അവിടെ വെച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും തുടർന്ന് അനു വർക്ക്‌ഷോപ്പിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. വിജിക്ക് നേരെ ഒരു വർഷം മുമ്പും ആക്രമണം ഉണ്ടായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.



