ന്യൂഡൽഹി: ജന്തർ മന്തറിൽ വിദ്യാർത്ഥികൾക്കെതിരായ ഡൽഹി പൊലീസ് നടപടിക്കെതിരെ സമർപ്പിച്ച ഹർജിയിൽ അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. “ഞങ്ങളുടെയും നിങ്ങളുടെയും സമയം കളയരുത്” എന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് ഹർജി പരിഗണിക്കാതിരുന്നത്.
വിഷയം ഉന്നയിച്ച അഭിഭാഷകൻ നരേന്ദ്ര മിശ്രയോടായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ ഉൾപ്പെടെയുള്ള ഗൗരവമായ വിഷയങ്ങളാണ് വിദ്യാർത്ഥികൾ ഉന്നയിക്കുന്നതെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. പൊലീസ് നടപടിയുടെ ദൃശ്യങ്ങൾ ലഭ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ വീഡിയോ കാണാൻ താൽപര്യമില്ലെന്നും അതിന് സമയം ഇല്ലെന്നും കോടതി വ്യക്തമാക്കി. തുടർന്ന് അടിയന്തര വാദം കേൾക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.
അതേസമയം, വിദ്യാർത്ഥികളുടെ പാർലമെന്റ് മാർച്ചുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് ആറ് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കലാപശ്രമം, പൊതുമുതൽ നശിപ്പിക്കൽ, ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസുകൾ എടുത്തിരിക്കുന്നത്. തിരിച്ചറിയാത്ത പ്രതിഷേധക്കാരുടെ പേരിലാണ് നിലവിൽ എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പ്രതിഷേധത്തിൽ പങ്കെടുത്തവരെ കണ്ടെത്തുന്നതിനായി പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതായും സമൂഹമാധ്യമങ്ങളിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതായും റിപ്പോർട്ടുണ്ട്. പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ മാർച്ചിൽ പങ്കെടുത്തതായാണ് കണക്കുകൾ.
അതേസമയം, ഡൽഹിയിൽ തുടരുന്ന പ്രതിഷേധങ്ങൾക്ക് പരിഹാരം കാണാനുള്ള നീക്കങ്ങളും കേന്ദ്രസർക്കാർ ശക്തമാക്കിയിട്ടുണ്ട്. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ പരുക്കേറ്റവരെ സന്ദർശിച്ചത് അനുനയ ശ്രമത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തൽ. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് സോനം വാങ്ചുക്കിനെ സന്ദർശിച്ചതും പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണെന്നാണ് വിവരം.
പ്രതിഷേധങ്ങൾ രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന ആശങ്ക ബിജെപിക്കുള്ളതായി സൂചനകളുണ്ട്. കോൺഗ്രസ് നടത്തിയ അപ്രതീക്ഷിത പ്രതിഷേധം ഉൾപ്പെടെയുള്ള നീക്കങ്ങൾ കേന്ദ്രം ഗൗരവമായി വിലയിരുത്തുന്നതായാണ് റിപ്പോർട്ട്. ചർച്ചകളിലൂടെ പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ പ്രത്യാഘാതങ്ങൾ ഉണ്ടാകാമെന്ന വിലയിരുത്തലും ഉയരുന്നുണ്ട്.



