തൃശ്ശൂർ: കൂർക്കഞ്ചേരി സ്കൂളിൽ പരിക്കേറ്റ വിരലുമായി വോട്ട് ചെയ്യാനെത്തിയ യുവതിയെ ആദ്യം വോട്ട് ചെയ്യാൻ അനുവദിക്കാത്ത സംഭവം ഗുരുതര വീഴ്ച. കൂർക്കഞ്ചേരി സ്വദേശി അക്ഷയയ്ക്കാണ് മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിന് ശേഷം വോട്ട് ചെയ്യാൻ അവസരം ലഭിച്ചത്. മിക്സിയിൽ കൈ കുടുങ്ങി നാല് ദിവസം മുമ്പ് പരിക്കേറ്റതിനാൽ അക്ഷയയുടെ ചൂണ്ടുവിരലിന് തുന്നൽ ഉണ്ടായിരുന്നു. ഇതോടെ മഷി പുരട്ടാൻ കഴിയില്ലെന്ന കാരണമാണ് പ്രിസൈഡിങ് ഓഫീസർ വോട്ട് ചെയ്യാൻ ആദ്യം തടസ്സം പറഞ്ഞത്.
തുടർന്ന് മെഡിക്കൽ രേഖകളുമായി യുവതി വീണ്ടും ബൂത്തിലെത്തിയെങ്കിലും നിലപാട് മാറ്റാൻ അധികൃതർ തയ്യാറായില്ല. ഇടതു വിരലുകൾ ഇല്ലാത്തവർക്കും വോട്ട് ചെയ്യാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങൾ വിശദമാക്കിയിട്ടും തീരുമാനം നീണ്ടു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ നേതാക്കളും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഇടപെട്ടു.
ജില്ലാ ഭരണകൂടം, മെഡിക്കൽ സംഘം, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എന്നിവർ വിഷയത്തിൽ ഇടപെടുകയായിരുന്നു. വൈകിട്ട് ആറരയോടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക നിർദ്ദേശത്തെ തുടർന്ന് അക്ഷയയ്ക്ക് വോട്ട് ചെയ്യാൻ അവസരം ലഭിച്ചു. തുടർന്ന് അവർ വോട്ട് രേഖപ്പെടുത്തി. സംഭവത്തിൽ പ്രിസൈഡിങ് ഓഫീസർക്കെതിരെ പരാതി നൽകിയിട്ടുണ്ട്.




