ന്യൂഡൽഹി: ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷൻ ഓഫീസിന് ചുറ്റുമുള്ള അതിർത്തി ലംഘിച്ച് നിർമിച്ച താൽക്കാലിക കെട്ടിടഭാഗങ്ങളും സുരക്ഷാ സംവിധാനങ്ങളും ഇന്ത്യൻ അധികൃതർ പൊളിച്ചുനീക്കി. ഹൈക്കമ്മീഷന് അനുവദിച്ച പരിധിക്ക് പുറത്തായി നിർമിച്ചിരുന്ന താൽക്കാലിക സംവിധാനങ്ങളാണ് വ്യാഴാഴ്ച ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്തത്.
ഹൈക്കമ്മീഷനിലെ വിസ വിഭാഗത്തിന് സമീപം സ്ഥാപിച്ചിരുന്ന ക്യൂ നിയന്ത്രണ സംവിധാനങ്ങളും ഇതോടൊപ്പം പൊളിച്ചുമാറ്റി. കോമ്പൗണ്ടിന് ചുറ്റുമുണ്ടായിരുന്ന ട്രാഫിക് ബൊള്ളാർഡുകളും ബാഹ്യ സുരക്ഷാ വലയവും നീക്കം ചെയ്തു. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിലുണ്ടായിരുന്ന സുരക്ഷാ ബാരിക്കേഡുകൾ പാകിസ്താൻ അധികൃതർ മൂന്ന് ദിവസം മുൻപ് നീക്കം ചെയ്തതിന് പിന്നാലെയാണ് ഡൽഹിയിലെ നടപടി.
പൊളിച്ചുനീക്കലിനിടെ വിസ വിഭാഗത്തിലെ ചില സർവീസ് കൗണ്ടറുകൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും പാകിസ്താന്റെ ഔദ്യോഗിക മുദ്ര പതിപ്പിച്ച പ്രധാന കവാടത്തിനും മതിലുകൾക്കും മറ്റ് പ്രധാന നിർമിതികൾക്കും കേടുപാടുകൾ സംഭവിച്ചിട്ടില്ല. കോമ്പൗണ്ടിന്റെ അതിർത്തിയിലുള്ള കമ്പിവേലികളും നീക്കം ചെയ്തിട്ടില്ല.
കശ്മീർ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ അസ്വാരസ്യങ്ങൾ തുടരുന്നതിനിടെയാണ് നടപടി. ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന ഇന്ത്യയിലെ യുഎസ് സ്ഥാനപതി സെർജിയോ ഗോർ നടത്തിയ പ്രസ്താവനയ്ക്കെതിരെ പാകിസ്താൻ കഴിഞ്ഞ ദിവസം ഇസ്ലാമാബാദിലെ യുഎസ് ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു.


