കൊച്ചി: മോഡലിങ്ങിന്റെ മറവിൽ യുവതികളെ വിദേശത്തേക്ക് കടത്തുകയും ലൈംഗിക ചൂഷണത്തിനിരയാക്കുകയും ചെയ്ത സെക്സ് റാക്കറ്റ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ ഇരകളായ മൂന്ന് പേരാണ് മരട് പൊലീസിന് പരാതി നൽകിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം പോങ്ങുവിള സ്വദേശിയും മോഡലുമായ അലീന എബ്രഹാം (29), ഗുരുവായൂർ സ്വദേശി ടോയ്സി സിന്ധു (50), പൊന്നാനി സ്വദേശി മഞ്ജിമ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. നിലവിൽ ദുബായിലുള്ള രണ്ട് പേർ കൂടി പിടിയിലാകാനുണ്ടെന്നും പൊലീസ് അറിയിച്ചു.
ഒരു മാസം മുമ്പ് സമാനമായ പരാതിയെ തുടർന്ന് മരട് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പിന്നാലെ രണ്ട് പേർ കൂടി പരാതികളുമായി രംഗത്തെത്തുകയായിരുന്നു. കഴിഞ്ഞ ജനുവരിയിൽ അലീന എബ്രഹാം സമൂഹമാധ്യമങ്ങളിൽ ഫാഷൻ ഷോയും മോഡലിംഗ് അവസരങ്ങളും വാഗ്ദാനം ചെയ്ത് പരസ്യങ്ങൾ നൽകിയിരുന്നുവെന്നും പൊലീസ് പറയുന്നു. ദുബായിൽ വച്ച് ഫാഷൻ വർക്ക്ഷോപ്പ് നടത്തുമെന്നും അതിൽ തിരഞ്ഞെടുക്കപ്പെടുന്നവരെ ഷോയിലേക്ക് ഉൾപ്പെടുത്തുമെന്നും ആയിരുന്നു വാഗ്ദാനം.
ഈ വാഗ്ദാനങ്ങൾ വിശ്വസിച്ച് വിദേശത്തേക്ക് എത്തിച്ച യുവതികളെയാണ് സംഘത്തിന്റെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതെന്നാണ് പൊലീസ് കണ്ടെത്തൽ. ദുബായിൽ എത്തിച്ച ശേഷം ഹോട്ടലുകളിൽ താമസിപ്പിച്ച് ലഹരി നൽകി ബോധരഹിതരാക്കുകയും പിന്നീട് ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്തുവെന്നാണ് ആരോപണം. സംഭവങ്ങളുടെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയും തുടർച്ചയായി ചൂഷണം നടത്തിയതായും പരാതിയിൽ പറയുന്നു.
ജോലി വാഗ്ദാനം നൽകി വീട്ടമ്മമാരെയും ഉൾപ്പെടെ നിരവധി പേരെ സംഘം കെണിയിൽപ്പെടുത്തിയതായും സംശയിക്കുന്നു. ഇന്നലെ വൈകിട്ട് മരടിലെ ഫ്ലാറ്റിൽ നിന്നാണ് അലീനയെ അറസ്റ്റ് ചെയ്തത്. ടോയ്സി സിന്ധുവിന്റെ പ്രവർത്തന കേന്ദ്രവും ഇതേ ഫ്ലാറ്റാണെന്ന് പൊലീസ് പറയുന്നു.
അലീന തിരഞ്ഞെടുക്കുന്ന മോഡലുകളുടെ വിസ നടപടികൾ പൂർത്തിയാക്കി ദുബായിലേക്ക് അയക്കുന്നതിൽ ടോയ്സിക്ക് പ്രധാന പങ്കുണ്ടായിരുന്നുവെന്നും അന്വേഷണ സംഘം അറിയിച്ചു. അറസ്റ്റിനെ തുടർന്ന് മുംബൈ വിമാനത്താവളം വഴി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ടോയ്സിയെ ലുക്ക് ഔട്ട് നോട്ടീസ് അടിസ്ഥാനത്തിൽ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവച്ച് പിടികൂടുകയായിരുന്നു.
ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട് അലീന നേരത്തെയും പൊലീസ് നിരീക്ഷണത്തിലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. കഴിഞ്ഞ നവംബറിൽ വൈറ്റിലയിലെ ബാറിൽ വാക്കുതർക്കത്തെ തുടർന്ന് വടിവാൾ ആക്രമണത്തിൽ ഇവർ ഉൾപ്പെട്ടിരുന്നുവെന്ന വിവരവും പുറത്തുവരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.






