തിരുവനന്തപുരം: വി ഡി സതീശന്‍ സര്‍ക്കാര്‍ അധികാരം ഏറ്റെടുത്ത് 24 മണിക്കൂര്‍ പിന്നിടുമ്പോഴും വകുപ്പ് വിഭജനം പൂര്‍ത്തിയായിട്ടില്ല. മന്ത്രിമാരുടെ വകുപ്പുകളിൽ ചില തർക്കങ്ങളുണ്ടെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് മന്ത്രി കെ മുരളീധരൻ. ഉന്നത വിദ്യാഭ്യാസം, ഫിഷറീസ് അങ്ങനെ ചില തർക്കങ്ങളുണ്ട്. ഘടക കക്ഷികളുമായുള്ള തർക്കം പരിഹരിക്കുമ്പോൾ പാർട്ടിക്കകത്ത് ചില മാറ്റങ്ങൾ വരുത്തേണ്ടി വരും. ഇന്നലെ മന്ത്രിമാരുടെ സത്യപ്രതിജ്ഞ കഴിഞ്ഞല്ലേയുള്ളൂ. ഇന്ന് വൈകുന്നേരത്തിനുള്ളിൽ വിജ്ഞാപനം വരുമെന്നാണ് മുരളീധരന്‍റെ വിശദീകരണം.
ആരോഗ്യ വകുപ്പാണ് മുരളീധരന് നൽകിയിട്ടുള്ള വകുപ്പ്. നേരത്തെ വൈദ്യുതി വകുപ്പ് നിശ്ചയിച്ചപ്പോൾ മുരളീധരൻ കടുത്ത എതിർപ്പ് ഉയർത്തിയിരുന്നു. അങ്ങനെയാണ് ആരോഗ്യ വകുപ്പ് നൽകാമെന്ന് ധാരണയായത്. ഫിഷറീസ് ലീഗിന് കൊടുക്കരുത് എന്ന് കോൺഗ്രസിലെ ഒരു വിഭാഗവും ലത്തീൻ സഭയും ആവശ്യപ്പെടുന്നു.ഉന്നത വിദ്യാഭ്യാസം കോൺഗ്രസിന് നൽകണം എങ്കിൽ ഫിഷറീസ് വേണമെന്ന് ലീഗ് ആവശ്യപ്പെടുന്നു. ഇതാണ് പ്രധാന തർക്കം.
കൃഷി വകുപ്പ് ഏറ്റെടുക്കുന്നതിൽ ടി സിദ്ദിഖിന് വിമുഖതയുണ്ട്. നേരത്തെ വനം വകുപ്പാണ് സിദ്ദിഖിന് നിശ്ചയിച്ചിരുന്നത്. പക്ഷേ അതു പന്നീട് ഷിബു ബേബി ജോണിന് നൽകി. തുറമുഖം, നിയമം, ധനം തുടങ്ങിയ സുപ്രധാന വകുപ്പുകൾ നിലവിലെ തീരുമാന പ്രകാരം മുഖ്യമന്ത്രിയാണ് കൈകാര്യം ചെയ്യുക.മുഖ്യമന്ത്രിയുടെ കൈവശമുള്ള ഒരു വകുപ്പ് കോൺഗ്രസ് മന്ത്രിമാർക്ക് നൽകി പ്രശ്നം തീർക്കാമല്ലോ എന്നതാണ് കെ സി പക്ഷം മുന്നോട്ട് വെക്കുന്നത്. മുഖ്യമന്ത്രി കസേരക്കുവേണ്ടിയുള്ള അതെ തർക്കങ്ങൾ മന്ത്രി കസേരക്കുവേണ്ടിയും തുടരുകയാണ്.






