തൃശൂര്‍: വീട്ടില്‍ അതിക്രമിച്ച് കയറി ഉറങ്ങുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 58 കാരന് 8 വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും. ചാവക്കാട് അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. വാടാനപ്പള്ളി വില്ലേജ് നടുവില്‍ക്കര സ്വദേശിയായ ആലത്തി കുമാരനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പിഴ അടയ്ക്കാത്ത പക്ഷം നാല് മാസം കൂടി അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.
2024 ഏപ്രിലിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ സ്‌നേഹമോള്‍ ടി.ഡി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ പി.ജി. സദാശിവന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍മാരായ എസ്.എം. ശ്രീലക്ഷ്മി, പി.ജി. സദാശിവന്‍, എ.എസ്.ഐ സുജിത്ത് കുമാര്‍ പി.എസ് എന്നിവര്‍ ചേര്‍ന്ന് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു.
കേസില്‍ പ്രോസിക്യൂഷന്‍ 16 സാക്ഷികളെ വിസ്തരിക്കുകയും 23 ഓളം രേഖകളും മുതലുകളും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ അഡ്വ. സിജു മുട്ടത്ത്, അഡ്വ. സി. നിഷ എന്നിവര്‍ ഹാജരായി. ലെയ്‌സണ്‍ ഓഫീസറും സീനിയര്‍ സി.പി.ഒയുമായ എം.ആര്‍. സിന്ധു പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.




