തിരുവനന്തപുരം: മുൻ സ്പീക്കർ എ.എൻ. ഷംസീറിനെതിരെ എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ പരാമർശങ്ങളെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഷംസീറിനെതിരായ പരാമർശം ശുദ്ധ അസംബന്ധമാണെന്നും പാർട്ടിയിൽ ദീർഘകാലം ചുമതല വഹിച്ച നേതാവാണ് ഷംസീറെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
പേര് പറഞ്ഞ് ഒരാളെ ലക്ഷ്യമിട്ടുള്ള ആരോപണങ്ങൾ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര കമ്മിറ്റി അംഗത്തിനെതിരെ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് അംഗീകരിക്കുന്ന നിലപാടല്ലെന്നും സിപിഐഎം അതിനെ ശക്തമായി എതിർക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വിവിധ മതവിഭാഗങ്ങളിൽപ്പെട്ടവരും ഒരു മതത്തിലും വിശ്വസിക്കാത്തവരുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മതത്തിന്റെ പേരിലോ വ്യക്തിയുടെ പേര് ചൂണ്ടിക്കാട്ടിയോ ഒരാളെ രാഷ്ട്രീയമായി വിലയിരുത്തുന്ന സമീപനം അംഗീകരിക്കാനാകില്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
വെള്ളാപ്പള്ളി നടേശന്റെ പരാമർശം വർഗീയ നിലപാടാണോയെന്ന ചോദ്യത്തിന് ‘ആലോചിച്ച് പറയാം’ എന്നായിരുന്നു എം.വി. ഗോവിന്ദന്റെ മറുപടി. മുസ്ലിം ലീഗിന് ചില വിഷയങ്ങളിൽ വർഗീയമായ സമീപനമുണ്ടെങ്കിലും വർഗീയ പാർട്ടികളുടെ പട്ടികയിൽ മുസ്ലിം ലീഗിനെ ഉൾപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
എ.എൻ. ഷംസീർ ലീഗ് മനോഭാവമുള്ളയാളാണെന്നും കമ്മ്യൂണിസ്റ്റ് മനസില്ലെന്നും വെള്ളാപ്പള്ളി നടേശൻ നേരത്തെ വിമർശിച്ചിരുന്നു. പിണറായി വിജയനെപ്പോലുള്ള നേതാക്കൾ ഏറെ ത്യാഗങ്ങൾ സഹിച്ചാണ് അധികാരത്തിലെത്തിയതെന്നും ഷംസീർ അത്രയും ത്യാഗമില്ലാതെ അധികാരത്തിലെത്തിയെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം.



