കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ ശനിയാഴ്ച ഉണ്ടായ വെടിവെയ്പ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. ജനവാസ മേഖലയിലുള്ള ഒരു സൂപ്പർമാർക്കറ്റിലേക്ക് അതിക്രമിച്ച് കയറിയ അക്രമി ആളുകളെ ബന്ദികളാക്കി വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ പത്തുപേർക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ദീർഘനേരം ഭീതിയുണ്ടാക്കിയ ശേഷമാണ് അക്രമി പോലീസിന്റെ പിടിയിലാകുന്നതിനിടെ കൊല്ലപ്പെട്ടത്. സംഭവത്തെക്കുറിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളൊഡിമിർ സെലൻസ്‌കി സ്ഥിരീകരിച്ചു. ബന്ദികളാക്കിയ നാലുപേരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.
മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി സെലൻസ്‌കി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ആക്രമണത്തിന് പിന്നിലെ ഉദ്ദേശം വ്യക്തമല്ലെന്നും അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.




