കോഴിക്കോട്: 11 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കടയുടമയ്ക്ക് 20 വർഷം കഠിന തടവും 35,000 രൂപ പിഴയും വിധിച്ചു. വടകര കൈനാട്ടി ചേക്കിന്റവിടെ വീട്ടിൽ നാസർ (53)നെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി കെ. നൗഷാദലി ശിക്ഷിച്ചത്.
പോക്സോ നിയമവും ഇന്ത്യൻ ശിക്ഷാനിയമവും പ്രകാരമാണ് ശിക്ഷ വിധിച്ചത്. 2022-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ കടയിൽ മിഠായി വാങ്ങാനെത്തിയ 11 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കേസ്.
സംഭവം കുട്ടി മാതാവിനോട് പറഞ്ഞതിനെ തുടർന്ന് കുടുംബം പയ്യോളി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.
സർക്കിൾ ഇൻസ്പെക്ടർ കെ.സി. സുഭാഷ് ബാബുവാണ് കേസിന്റെ അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ജെതിൻ പി. കോടതിയിൽ ഹാജരായി.






