ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള അധികാര തർക്കം വീണ്ടും സജീവമായി. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഡൽഹിയിൽ കോൺഗ്രസ് ഹൈക്കമാൻഡുമായി വേർപിരിഞ്ഞ് ചർച്ചകൾ നടത്തുകയാണ്. കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനിലാണ് നിർണായക ചർച്ചകൾ നടക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ചർച്ചകളിൽ പങ്കെടുക്കുന്നു.
സിദ്ധരാമയ്യ സർക്കാർ മൂന്ന് വർഷം പൂർത്തിയാക്കിയ പശ്ചാത്തലത്തിലാണ് പുതിയ രാഷ്ട്രീയ നീക്കങ്ങൾ ശക്തമായത്. നേരത്തെ ഉണ്ടായ ധാരണ പ്രകാരം രണ്ടര വർഷത്തിന് ശേഷം മുഖ്യമന്ത്രി പദവി ഡി.കെ. ശിവകുമാറിന് കൈമാറണമെന്നതാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാൽ താൻ അഞ്ചുവർഷവും മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്നാണ് സിദ്ധരാമയ്യയുടെ നിലപാട്. അദ്ദേഹത്തോടൊപ്പം നിരവധി മന്ത്രിമാരും ഡൽഹിയിൽ എത്തിയിട്ടുണ്ട്.
മുഖ്യമന്ത്രി സ്ഥാനത്തിന് പകരം സിദ്ധരാമയ്യയ്ക്ക് രാജ്യസഭാ സീറ്റ് നൽകാനുള്ള സാധ്യതയും കോൺഗ്രസ് നേതൃത്വത്തിൽ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ സമവായ നീക്കമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
അതേസമയം, ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാനുള്ള സാധ്യതയെ സിദ്ധരാമയ്യ പക്ഷം എതിർക്കുന്നുവെന്നാണ് വിവരം. കൂടുതൽ എംഎൽഎമാരുടെ പിന്തുണ തനിക്കുണ്ടെന്ന നിലപാടും അദ്ദേഹം ഉന്നയിക്കുന്നതായി പറയുന്നു. ഡൽഹിയിലെത്തിയ ഡി.കെ. ശിവകുമാർ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ചിരിയോടെ മാത്രം പ്രതികരിച്ചു.
കർണാടക കോൺഗ്രസിലെ ഈ അധികാര തർക്കം ദേശീയ തലത്തിലും വലിയ ശ്രദ്ധ നേടുകയാണ്.






