ന്യൂഡൽഹി: എസ്‌ഐആറിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടെ 20 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സ്പെഷ്യൽ ഡ്രൈവ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം. എസ്‌ഐആർ നടപടിയിൽ വോട്ടർപട്ടികയിൽ നിന്ന് പുറത്തായ അർഹരായവരെ കണ്ടെത്തി പട്ടികയിൽ ഉൾപ്പെടുത്തുകയാണ് ലക്ഷ്യം.
സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് ഇലക്ടറൽ ഓഫീസർമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുസംബന്ധിച്ച് നിർദേശം നൽകി. സെപ്റ്റംബർ 29ന് കത്തും നൽകിയിരുന്നു. എസ്‌ഐആർ നടപടികൾ പൂർത്തിയായെങ്കിലും തുടർനടപടികൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഒഴിവായവരെയും ആദ്യമായി വോട്ടർപട്ടികയിൽ പേര് ചേർക്കുന്നവരെയും ഉൾപ്പെടുത്തുന്നതിനായി പ്രത്യേക ഡ്രൈവ് നടത്താൻ നിർദേശം.
ഫോം 6 അടിസ്ഥാനമാക്കിയായിരിക്കും പ്രത്യേക ഡ്രൈവ് നടത്തുക. മുൻ വോട്ടർപട്ടികയുമായി എസ്‌ഐആർ പട്ടിക താരതമ്യം ചെയ്ത് ഒഴിവായ അർഹരായ വോട്ടർമാരെ കണ്ടെത്തണമെന്നും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. അർഹരായവർ പട്ടികയിൽ നിന്ന് ഒഴിവായിട്ടുണ്ടെങ്കിൽ വീടുകളിലെത്തി അപേക്ഷ സ്വീകരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കണം.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് സ്പെഷ്യൽ ഡ്രൈവ് നടത്തുക. നിലവിൽ എസ്‌ഐആർ പുരോഗമിക്കുന്ന പ്രധാന സംസ്ഥാനമാണ് മഹാരാഷ്ട്ര.
വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യുന്നതിൽ തിടുക്കം കാണിക്കരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി. ഒരാളുടെ പേര് പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിന് മുമ്പ് ആവശ്യമായ രേഖകൾ സമർപ്പിക്കാൻ മതിയായ സമയം നൽകണം. ബന്ധപ്പെട്ട വ്യക്തിയുടെ വാദം കേട്ട ശേഷമേ അന്തിമ തീരുമാനം എടുക്കാവൂ എന്നും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.
എസ്‌ഐആറിന്റെ ഭാഗമായി കോടിക്കണക്കിന് വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നാരോപിച്ച് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ നടപടി.




