തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒരാൾക്ക് വീതമാണ് രോഗം കണ്ടെത്തിയത്. ജൂൺ മാസം മുതൽ സംസ്ഥാനത്ത് ആകെ 224 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഈ കാലയളവിൽ ആറു മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ രോഗബാധിതരുടെ എണ്ണം 300 ആയി.
ജൂൺ മാസം മുതൽ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തത്. നിലവിൽ കോഴിക്കോട്, വയനാട്, തൃശ്ശൂർ, ആലപ്പുഴ ജില്ലകളിൽ ഷിഗെല്ല വ്യാപനത്തെ തുടർന്ന് ഔട്ട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിലും രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം കൂടുതൽ ജില്ലകളിൽ രോഗം റിപ്പോർട്ട് ചെയ്തതിനാൽ സാഹചര്യം ഗൗരവമായി നിരീക്ഷിക്കുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
കുടലിനെ ബാധിക്കുന്ന ബാക്ടീരിയ രോഗമാണ് ഷിഗെല്ല. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലർന്ന മലം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചിലർക്കാകട്ടെ രോഗലക്ഷണങ്ങൾ പ്രകടമാകാതെയും ഇരിക്കാം. രോഗാണു ശരീരത്തിൽ പ്രവേശിച്ച് ഏകദേശം മൂന്ന് ദിവസത്തിന് ശേഷമാണ് സാധാരണയായി ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്.
ആരോഗ്യവകുപ്പ് ശുചിത്വം പാലിക്കാനും തിളപ്പിച്ച വെള്ളം മാത്രം കുടിക്കാനും ഭക്ഷണത്തിന് മുമ്പും ശുചിമുറി ഉപയോഗിച്ചതിന് ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകാനും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്.




