Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രാമക്ഷേത്ര സംഭാവനയിൽ വൻ തട്ടിപ്പെന്ന് സംശയം; പ്രതിദിനം 6–8 ലക്ഷം രൂപ കൊള്ളയടിച്ചെന്ന് പൊലീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അയോധ്യ: അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലെ സംഭാവനകളിൽ നിന്ന് പ്രതിദിനം ആറ് മുതൽ എട്ട് ലക്ഷം രൂപ വരെ തട്ടിയെടുത്തതായി പൊലീസ് സംശയിക്കുന്നു. ബാങ്ക് അക്കൗണ്ടുകളുടെയും പണപ്പിരിവ് രേഖകളുടെയും അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഈ നിഗമനത്തിലെത്തിയതെന്ന് അന്വേഷണ സംഘത്തെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

മോഷണം പുറത്തുവരുന്നതിന് മുമ്പ് ക്ഷേത്ര ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് ശരാശരി പ്രതിദിനം 16 മുതൽ 18 ലക്ഷം രൂപ വരെയായിരുന്നു എത്തിച്ചേരുന്നത്. എന്നാൽ അന്വേഷണം ആരംഭിച്ചതിന് ശേഷം ഈ തുക 24 മുതൽ 26 ലക്ഷം രൂപയായി ഉയർന്നതും തട്ടിപ്പിന് ശക്തമായ സൂചനയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

ക്ഷേത്രത്തിലെ സംഭാവനകൾ എണ്ണുന്നതിനും ബാങ്കിൽ നിക്ഷേപിക്കുന്നതിനുമുള്ള ചുമതല എസ്ബിഐയുടെ മേൽനോട്ടത്തിലായിരുന്നു. ഇതിനായി ഒരു സ്വകാര്യ ഏജൻസിയെയും നിയോഗിച്ചിരുന്നു. നാല് കാണിക്കപ്പെട്ടികളിൽ നിന്ന് ശേഖരിക്കുന്ന പണം 14 അംഗ സംഘമാണ് എണ്ണിയിരുന്നത്. ഇതിൽ 11 പേർ ബാങ്ക് ജീവനക്കാരും മൂന്ന് പേർ ക്ഷേത്ര ട്രസ്റ്റ് പ്രതിനിധികളുമാണ്.

അന്വേഷണത്തിനിടെ ചില എസ്ബിഐ ജീവനക്കാരുടെ പങ്കും സംശയത്തിന്റെ നിഴലിലായിട്ടുണ്ട്. പണമിടപാടുകളെക്കുറിച്ചും സാമ്പത്തിക കൈമാറ്റങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം നടത്താൻ അയോധ്യ പൊലീസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കത്ത് നൽകിയിട്ടുണ്ട്.

വിരമിച്ച ബാങ്ക് ജീവനക്കാരനും കേസിലെ പ്രതിയുമായ സുഭാഷ് ശ്രീവാസ്തവയാണ് പണം എണ്ണുന്ന നടപടികൾക്ക് മേൽനോട്ടം വഹിച്ചിരുന്നത്. സംഭാവന പെട്ടികളിൽ നിന്ന് പണം എടുത്ത് എണ്ണുന്ന മുറിയിലെത്തിച്ച് എസ്ബിഐയ്ക്ക് കൈമാറുന്നതായിരുന്നു അദ്ദേഹത്തിന്റെ ചുമതല.

സ്വർണാഭരണങ്ങൾ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള സംഭാവനകൾക്ക് കൃത്യമായ രേഖകളില്ലാതിരുന്നത് തട്ടിപ്പ് എളുപ്പമാക്കിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഫെബ്രുവരിയിലാണ് ക്രമക്കേടുകൾ ആദ്യമായി ശ്രദ്ധയിൽപ്പെട്ടതെന്നാണ് വിവരം. പണം എണ്ണുന്നതിനിടെ മോഷണം നടക്കുന്നുണ്ടെന്ന് ഒരാൾ ചൂണ്ടിക്കാട്ടിയപ്പോൾ, “ദൈവം കാണുന്നുണ്ട്; ഇത് നിങ്ങളുടെയോ എന്റെയോ വീട്ടിൽ നിന്നുള്ള പണമല്ല” എന്നായിരുന്നു സുഭാഷ് ശ്രീവാസ്തവയുടെ പ്രതികരണമെന്ന് അന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

ഇതുവരെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സുഭാഷ് ശ്രീവാസ്തവയ്ക്ക് പുറമെ അവിനാഷ് ശുക്ല, അനു സമഹു മിശ്ര, ടിന്നു യാദവ്, ലവ് കുഷ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രാമശങ്കർ മിശ്ര എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികൾ.

സംഭാവന പണം എണ്ണിയ ജീവനക്കാരെയും ചില ബാങ്ക് ഉദ്യോഗസ്ഥരെയും വെള്ളിയാഴ്ച എസ്‌ഐടി ചോദ്യം ചെയ്തു. സുരക്ഷാ ജോലികൾക്കായി നിയോഗിച്ച സ്വകാര്യ ഏജൻസിയെ പണം എണ്ണൽ പോലുള്ള നിർണായക ചുമതലകൾ നിർവഹിക്കാൻ അനുവദിച്ചതിന്റെ കാരണവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

മോഷ്ടിച്ച പണം ക്ഷേത്രത്തിന് സമീപത്തെ ഒരു പാർക്കിൽ വെച്ച് കൂട്ടാളികൾക്കിടയിൽ പങ്കിട്ടതായി പ്രതി അവിനാഷ് ശുക്ല മൊഴി നൽകിയതായും റിപ്പോർട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ ഇയാളെ ഭികാപുരിലെ 14 കോശി പരിക്രമ പാതയ്ക്ക് സമീപമുള്ള പാർക്കിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

അതേസമയം, ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി ചമ്പത് റായ്, ട്രസ്റ്റിമാരായ അനിൽ മിശ്ര, ഗോപാൽ റാവു എന്നിവരെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇവരുടെ സ്വകാര്യ സ്വത്തുക്കൾ, വരുമാന സ്രോതസുകൾ, ക്ഷേത്ര നിർമാണം, ഭൂമി വാങ്ങൽ എന്നിവയുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ക്ഷേത്ര നിർമാണത്തിലും ഭൂമി ഇടപാടുകളിലും കമ്മിഷൻ ലഭിച്ചെന്ന ആരോപണങ്ങളും അന്വേഷണ പരിധിയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Advertisement
WhiteswanTV Footer