എറണാകുളം: തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുന്നിൽ കോൺഗ്രസ് എംഎൽഎമാരെയും സ്നേഹത്തോടെ ആലിംഗനം ചെയ്തതെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ഒറ്റയാനായി സന്ന്യാസ സദൃശമായ ജീവിതം നയിക്കുന്ന തന്നെ ഒരു സ്ത്രീലമ്പടനായി ചില സാമൂഹ്യ മാധ്യമങ്ങൾ ചിത്രീകരിച്ചത് മാനസികമായി തളർത്തിയെന്നും ചെറിയാൻ ഫിലിപ്പ് തുറന്നു പറഞ്ഞു.
തൻ്റെ ഭാഗത്ത് എന്തെങ്കിലും അനൗചിത്യം ഉണ്ടായെങ്കിൽ പൊതുസമൂഹം പൊറുക്കണമെന്നും കൂട്ടിച്ചേർത്തു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ചെറിയാൻ ഫിലിപ്പിൻ്റെ വിശദീകരണം. ദിവസങ്ങളായി ഉറക്കം നഷ്ടപ്പെട്ടെന്നും തനിക്ക് സാന്ത്വനമരുളിയ അഭ്യുദയകാംക്ഷികളോട് നന്ദി പറയുന്നുവെന്നും ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കെപിസിസി ആസ്ഥാനത്തേയ്ക്ക് നേതാക്കൾ എത്തിയ സമയത്ത് മഹിളാ കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയെ ചെറിയാൻ ഫിലിപ്പ് നിർബന്ധപൂർവ്വം ആലിംഗനം ചെയ്യാൻ ശ്രമിച്ചത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ വിഷയത്തിൽ ആദ്യമായാണ് ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നത്.






