ഹൈദരാബാദ്: സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവിന്റെ പീഡനം, സോഫ്റ്റ്‌വെയർ എൻജിനീയർ ആത്മഹത്യ ചെയ്തു. ബിഹാർ സ്വദേശിനിയായ ഇഷിത യാദവ് (26) ആണ് ഹൈദരാബാദിലെ മിയാപൂരിലെ താമസ സ്ഥലത്ത് ഫാനിൽ തൂങ്ങി മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് നീരജ് ബൻസാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സോഷ്യൽ മീഡിയയിലൂടെ 2020ൽ പരിചയപ്പെട്ട ഇരുവരും പിന്നീട് പ്രണയത്തിലായി. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷം ഈ വർഷം ഫെബ്രുവരിയിൽ പട്നയിൽവച്ചാണ് വിവാഹം നടന്നത്. തുടർന്ന് ജോലി സ്ഥലമായ ഹൈദരാബാദിലേക്ക് മടങ്ങിയിരുന്നു.
വിവാഹത്തിന് പിന്നാലെ നീരജ് കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഇഷിതയെ സമ്മർദത്തിലാക്കിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പുതിയ സ്റ്റാർട്ടപ്പിലേക്ക് പണം നിക്ഷേപിക്കണമെന്നാവശ്യപ്പെട്ടും നിരന്തരം പീഡിപ്പിച്ചിരുന്നതായും ആരോപണം. മാനസിക പീഡനത്തെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം.
ഇഷിതയുടെ മാതാപിതാക്കളുടെ പരാതിയിൽ മിയാപൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കസ്റ്റഡിയിലുള്ള നീരജിനെ ചോദ്യം ചെയ്തുവരികയാണ്; തുടർ നടപടികൾ വിശദമായ അന്വേഷണത്തിന് ശേഷം സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.




